മലയാളത്തിൽ നടൻ പൃഥ്വിരാജ് സുകുമാരൻ ആദ്യമായി സംവിധായകന്റെ കുപ്പായമണിഞ്ഞ സിനിമ ആയിരുന്നു ‘ലൂസിഫർ’. മോഹൻലാലിന് ഒപ്പം മഞ്ജു വാര്യർ, വിവേക് ഒബ്റോയി, ടോവിനോ തോമസ് തുടങ്ങി നിരവധി താരങ്ങൾ അണിനിരന്ന ചിത്രം വൻഹിറ്റ് ആയിരുന്നു. മലയാളി പ്രേക്ഷകർ ഏറ്റെടുത്ത ചിത്രം ഇപ്പോൾ തെലുങ്കിൽ ഒരുങ്ങുകയാണ്. ‘ഗോഡ് ഫാദർ’ എന്ന പേരിലാണ് തെലുങ്കിൽ ലൂസിഫർ എത്തുന്നത്. തമിഴിലെ സൂപ്പർഹിറ്റ് സംവിധായകൻ ആയ മോഹൻരാജയാണ് ‘ഗോഡ് ഫാദർ’ ഒരുക്കുന്നത്. ചിരഞ്ജീവിയാണ് ചിത്രത്തിലെ നായകൻ.
മലയാളത്തിൽ മഞ്ജു വാര്യർ അവതരിപ്പിച്ച കഥാപാത്രമായ പ്രിയദർശിനി ആയി തെലുങ്കിൽ എത്തുന്നത് നയൻതാരയാണ്. സംവിധായകൻ മോഹൻരാജ തന്നെയാണ് ചിത്രത്തിലെ നയൻതാരയുടെ ലുക്ക് പുറത്തുവിട്ടത്. സിനിമയുടെ പ്രധാ ഷെഡ്യൂൾ പൂർത്തിയായ വിവരം സാമൂഹ്യമാധ്യമങ്ങളിലൂടെ മോഹൻരാജ പങ്കുവെച്ചു. മോഹൻരാജയുടെ തനി ഒരുവൻ, വൈലൈക്കാരൻ എന്നീ സിനിമകളിലും നയൻതാര ആയിരുന്നു നായിക.
ലൂസിഫർ തെലുങ്കിൽ എത്തുമ്പോൾ നിരവധി മാറ്റങ്ങളുണ്ടാകുമെന്ന് മോഹൻരാജ നേരത്തെ തന്നെ വ്യക്തമാക്കിയിരുന്നു. തെലുങ്കിൽ സ്റ്റീഫൻ നെടുമ്പള്ളിയുടെ ഭൂതകാലം മലയാളത്തിൽ നിന്ന് വ്യത്യസ്തമാണെന്നും റിപ്പോർട്ടുകളുണ്ട്. മലയാളത്തിൽ മാസ് പൊളിറ്റിക്കൽ ത്രില്ലറായിരുന്നുവെങ്കിൽ തെലുങ്കിൽ റൊമാന്റിക് ട്രാക്കിലൂടെ സ്റ്റീഫൻ സഞ്ചരിക്കുമെന്നാണ് റിപ്പോർട്ടുകളുണ്ട്. സിനിമയിലെ മറ്റൊരു താരം സത്യദേവ് കഞ്ചരണയാണ്. ഛായാഗ്രഹണം നിരവ് ഷായും എഡിറ്റിംഗ് ശ്രീകർ പ്രസാദുമാണ്.