കഴിഞ്ഞ ആഴ്ചയിലെ വാർത്തയിലെ താരം ബാബു എന്ന ചെറുപ്പക്കാരൻ ആയിരുന്നു. മല കയറുന്നതിനിടെ മലമ്പുഴയിലെ ചെറാട് കൂർമ്പാച്ചി മലയിലെ പാറയിടുക്കിൽ കുടുങ്ങിപ്പോയ ബാബുവിനെ 45 മണിക്കൂറിന് ശേഷമായിരുന്നു രക്ഷപ്പെടുത്താൻ കഴിഞ്ഞത്. ഇതിനു പിന്നാലെ ബാബുവിന്റെ ജീവിതം സിനിമയാകുന്നുവെന്ന് സോഷ്യൽ മീഡിയയിൽ വാർത്തകൾ പ്രചരിച്ചിരുന്നു. ഒമർ ലുലു ബാബുവിന്റെ ജീവിതം ആസ്പദമാക്കി സിനിമ സംവിധാനം ചെയ്യാൻ പോകുന്നു എന്നായിരുന്നു വാർത്തകൾ.
പ്രണവ് മോഹൻലാലിനെ നായകനാക്കിയാണ് ഒമർ ലുലു, ബാബുവിന്റെ ജീവിതം സിനിമയാക്കുന്നതെന്നും വാർത്തകൾ പ്രചരിച്ചു. ഒടുവിൽ ഇത്തരത്തിലുള്ള വാർത്തകളോട് പ്രതികരിച്ചിരിക്കുകയാണ് ഒമർ ലുലു. താൻ ഇപ്പോൾ പവർസ്റ്റാർ എന്ന സിനിമയുടെയും ആദ്യ ബോളിവുഡ് സിനിമ എന്ന സ്വപ്നത്തിന്റെയും പിറകെയാണെന്ന് വ്യക്തമാക്കിയിരിക്കുകയാണ് ഒമർ ലുലു. ബാബുവിന്റെ ജീവിതം സിനിമയാക്കുന്നതിനെക്കുറിച്ച് താൻ ചിന്തിച്ചിട്ട് പോലുമില്ലെന്നും ബാബുവിന് എല്ലാവിധ നന്മകളും നേരുന്നെന്നും ഒമർ കുറിച്ചു.
രണ്ടു രാത്രിയും ഒരു പകലുമായിരുന്നു ചെങ്കുത്തായ പാറക്കെട്ടിലെ ഇടുക്കിൽ ബാബു കുടുങ്ങിയത്. മലമുകളിൽ നിന്ന് 400 മീറ്ററിലേറെ താഴ്ചയിൽ നിന്നാണ് സൈന്യം രക്ഷിച്ചത്. തുടർന്ന് ഹെലികോപ്റ്ററിലും പിന്നീട് ആംബുലൻസിലുമായി ആശുപത്രിയിൽ ബാബുവിനെ എത്തിച്ചു. ആരോഗ്യനില തൃപ്തികരമായ ബാബുവിനെ പിന്നീട് വീട്ടിലേക്ക് അയച്ചു. അതേസമയം, ഇതിനിടെ ബാബുവിന്റെ ജീവിതം സിനിമയാക്കുന്നത് സംബന്ധിച്ച് നിരവധി ട്രോളുകളായിരുന്നു സോഷ്യൽ മീഡിയയിൽ നിറഞ്ഞത്.