സിനിമാസംവിധാന ജീവിതത്തിൽ തന്റെ നൂറാം ചിത്രവുമായി പ്രിയദർശൻ എത്തുന്നു. മോഹൻലാൽ ആണ് ചിത്രത്തിൽ നായകൻ. തിരക്കഥ ഒരുക്കുന്നത് വിനീത് ശ്രീനിവാസൻ. മോഹൻലാലും പ്രിയദർശനും വീണ്ടും ഒരുമിക്കുന്ന ചിത്രത്തിന് ഹരം എന്നാണ് പേരിട്ടിരിക്കുന്നത്. ഇത് ആദ്യമായാണ് മോഹൻലാൽ – പ്രിയദർശൻ കൂട്ടുകെട്ടിൽ ഒരുങ്ങുന്ന ചിത്രത്തിന് വിനീത് ശ്രീനിവാസൻ തിരക്കഥ ഒരുക്കുന്നത്. ആശിർവാദ് സിനിമാസിന്റെ ബാനറിൽ ആന്റണി പെരുമ്പാവൂരാണ് സിനിമ നിർമിക്കുന്നത്. സിനിമയുടെ ചിത്രീകരണം അടുത്തവർഷം ആരംഭിക്കും. കൊറോണ പേപ്പേഴ്സ് ആണ് പ്രിയദർശന്റെ സംവിധാനത്തിൽ ഒടുവിൽ പുറത്തിറങ്ങിയ ചിത്രം.
മരക്കാർ – അറബിക്കടലിന്റെ സിംഹം എന്ന ചിത്രത്തിന് ശേഷം പ്രിയദർശനും മോഹൻലാലും ഒന്നിക്കുന്ന ചിത്രമാണ് ഹരം. വൈകാതെ തന്നെ ചിത്രത്തിന്റെ പ്രഖ്യാപനം ഉണ്ടാകുമെന്നാണ് റിപ്പോർട്ടുകൾ. പ്രിയദർശൻ സംവിധാനം ചെയ്ത ആദ്യചിത്രമായ പൂച്ചയ്ക്കൊരു മൂക്കുത്തിയിൽ മോഹൻലാൽ ആയിരുന്നു നായകൻ. ഈ ചിത്രത്തോടെ ആരംഭിച്ച മോഹൻലാൽ – പ്രിയദർശൻ കോംബോ മലയാളസിനിമയ്ക്ക് നിരവധി ഹിറ്റുകൾ പിന്നീട് സമ്മാനിച്ചു.
ഒന്നാനാം കുന്നിൽ ഓരടി കുന്നിൽ, ബോയിംഗ് ബോയിംഗ്, ചെപ്പ്. വെള്ളാനകളുടെ നാട്, ആര്യൻ, ചിത്രം, വന്ദനം. അക്കരെ അക്കരെ അക്കരെ, ചന്ദ്രലേഖ, കാക്കക്കുയിൽ, കിളിച്ചുണ്ടൻ മാമ്പഴം, ഒപ്പം തുടങ്ങിയവയാണ് ശ്രദ്ധേയമായ പ്രിയദർശൻ – മോഹൻലാൽ കൂട്ടുകെട്ടിലെ ചിത്രങ്ങൾ. ഈ കൂട്ടുകെട്ടിൽ പിറന്ന മിക്ക ചിത്രങ്ങളും സൂപ്പർഹിറ്റുകൾ ആയിരുന്നു. ഏതായാലും ഈ കൂട്ടികെട്ടിലെ അടുത്ത സൂപ്പർഹിറ്റായ ഹരം എത്താനുള്ള കാത്തിരിപ്പിലാണ് ആരാധകർ.