കനകം കാമിനി കലഹം ടീമിനെ അനുമോദിച്ച് സംവിധായകൻ രഞ്ജിത്ത്. ഇളയമകൻ ആവശ്യപ്പെട്ടതിനെ തുടർന്നാണ് താൻ ‘കനകം കാമിനി കലഹം’ കണ്ടതെന്നും സിനിമയെ അനുമോദിക്കാതെ വയ്യെന്നും രഞ്ജിത്ത് പറഞ്ഞു. നവംബർ 12ന് ഡിസ്നി ഹോട്ട് സ്റ്റാറിൽ ആയിരുന്നു കനകം കാമിനി കലഹം റിലീസ് ആയത്. തന്റെ ആദ്യചിത്രം കൊണ്ടു തന്നെ കേരളത്തിലെയും കേരളത്തിന് പുറത്തെയും പ്രേക്ഷകരുടെ സ്വീകാര്യത ലഭിച്ച സംവിധായകനാണ് രതീഷ് പൊതുവാളെന്നും രഞ്ജിത്ത് പറഞ്ഞു.
രതീഷിന്റെ പുതിയ സിനിമ കാണാൻ താൻ വൈകുമായിരുന്നെന്നും ഇളയമകനാണ് ‘ഈ സിനിമ എന്തായാലും അച്ഛൻ കാണണം’ എന്ന് തന്നോട് ആവശ്യപ്പെട്ടതെന്നും രഞ്ജിത്ത് പറഞ്ഞു. അങ്ങനെയാണ് കനകം കാമിനി കലഹം കണ്ടതെന്ന് ഒരു ദിവസമല്ല ഒരുപാട് ദിവസം മനസിൽ കൂടെ ആ സിനിമ സഞ്ചരിക്കുന്ന അവസ്ഥയാണ് തനിക്ക് ഉണ്ടായതെന്നും രഞ്ജിത്ത് പറഞ്ഞു. ഇതിനകം മലയാളി പ്രേക്ഷകർ സ്വീകരിച്ചു കഴിഞ്ഞ ഒരു സിനിമയെക്കുറിച്ചാണ് പറയുന്നതെങ്കിലും ഇത് പറയാതിരിക്കാൻ വയ്യെന്നും രഞ്ജിത്ത് വ്യക്തമാക്കി. രതീഷിനെ പോലെയുള്ള പുതുതലമുറയിലെ സംവിധായകരുടെ വ്യത്യസ്തമായ ശ്രമങ്ങൾ കണ്ടില്ലെന്ന് നടിക്കാൻ വയ്യ. കണ്ടതിനെ അനുമോദിക്കാതിരിക്കാനും വയ്യ. സിനിമ കണ്ടപ്പോൾ ചില ആന്റൻ ചെക്കോവ് നാടകങ്ങളാണ് തനിക്ക് ഓർമ വന്നതെന്നും രഞ്ജിത്ത് പറഞ്ഞു. അഭിനയിച്ച എല്ലാവരും മികച്ച പ്രകടനമാണ് നടത്തിയത്. ഓരോരുത്തരും ആ കഥാപാത്രങ്ങളായി മാറി. ഇന്ന് രാവിലെ ജോയ് മാത്യുവിനോട് ‘നിന്റെ പ്രകടനവും ഗംഭീരമായെ’ന്ന് പറഞ്ഞു. നിവിന്റെ കഥാപാത്രമായി മാറിയ രീതി കണ്ടപ്പോൾ കൗതുകം തോന്നിയെന്നും നിവിൻ പോളിക്ക് അഭിനന്ദനങ്ങൾ അറിയിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. നിവിനും രതീഷിനും ടീമിനും എല്ലാവിധ അനുമോദനങ്ങളും അറിയിക്കുകയാണെന്നും രഞ്ജിത്ത് പറഞ്ഞു.
‘ആന്‍ഡ്രോയ്ഡ് കുഞ്ഞപ്പന്’ എന്ന ആദ്യ ചിത്രത്തിലൂടെ മികച്ച നവാഗത സംവിധായകനുള്ള സംസ്ഥാന പുരസ്കാരം നേടിയ സംവിധായകനാണ് രതീഷ് ബാലകൃഷ്ണന് പൊതുവാൾ. രതീഷിന്റെ രണ്ടാമത്തെ ചിത്രമാണ് കനകം കാമിനി കലഹം. ഡിസ്നി ഹോട്ട്സ്റ്റാറിൽ ആണ് ചിത്രം റിലീസ് ചെയ്തത്. കോവിഡ് നിയന്ത്രണങ്ങളോടെയായിരുന്നു സിനിമയുടെ ചിത്രീകരണം. ഏകദേശം 40 ദിവസങ്ങള്‍ കൊണ്ട് ചിത്രീകരണം പൂര്‍ത്തിയാക്കി. വിനോദ് ഇല്ലമ്പള്ളിയാണ് ചിത്രത്തിന്റെ ഛായാഗ്രാഹകന്‍. യാക്സെന്‍ ഗാരി പെരേരയും നേഹ നായരും ചേര്‍ന്നാണ് ചിത്രത്തിന്റെ സംഗീതം നിര്‍വഹിച്ചിരിക്കുന്നത്. മനോജ് കണ്ണോത്ത് എഡിറ്റ് ചെയ്തിരിക്കുന്ന ചിത്രത്തിന്റെ കലാസംവിധാനം അനീഷ് നാടോടി.