മുസ്ലിം ആയതിനാൽ കൊച്ചിയിൽ ഫ്ലാറ്റ് ലഭിക്കുന്നില്ലെന്നും ഫ്ലാറ്റ് അന്വേഷിച്ച സമയത്ത് നേരിടേണ്ടി വന്ന ചില ദുരനുഭവങ്ങളും പങ്കുവെച്ച് സംവിധായിത രതീന ഷെർഷാദ്. മമ്മൂട്ടി നായകനായി എത്തുന്ന ‘പുഴു’ എന്ന ചിത്രത്തിന്റെ സംവിധായികയാണ് രതീന. പാർവതിയാണ് ചിത്രത്തിൽ നായികയായി എത്തുന്നത്. മുസ്ലിം ആണെന്ന കാരണത്താൽ ഫ്ലാറ്റ് ലഭിക്കാത്തത് പുതിയ കാര്യമല്ലെന്നും എന്നാൽ ഇത്തവണ പറഞ്ഞ കാരണങ്ങളിൽ പുതുമ തോന്നിയെന്നും സംവിധായിക പറഞ്ഞു.
ഏഴു വയസിനു താഴെ പ്രായമുള്ള കുഞ്ഞുങ്ങൾ പാടില്ലെന്നും ഭർത്താവ് ഒപ്പമില്ലെങ്കിൽ വീട് വാടകയ്ക്ക് തരില്ലെന്നും ജോലി സിനിമയിൽ ആണെങ്കിൽ ഒരിക്കലും വാടക കെട്ടിടം അനുവദിക്കില്ലെന്നും ഫ്ലാറ്റ് ഉടമസ്ഥർ പറഞ്ഞതായും രതീന വ്യക്തമാക്കി.
രതീന ഷെര്ഷാദിന്റെ ഫേസ്ബുക്ക് കുറിപ്പ്: “റത്തീന ന്ന് പറയുമ്പോ??”
“പറയുമ്പോ?
“മുസ്ലിം അല്ലല്ലോ ല്ലേ??”
“യെസ് ആണ്…’
“ഓ, അപ്പൊ ബുദ്ധിമുട്ടായിരിക്കും മാഡം!”
കൊച്ചിയിൽ വാടകയ്ക്കു ഫ്ലാറ്റ് അന്വേഷിച്ചു നടപ്പാണ്. മുൻപും ഇത് അനുഭവിച്ചിട്ടുള്ളതാണ്.. ഒട്ടും പുതുമ തോന്നിയില്ല. ഇത്തവണ പുതുമ തോന്നിയത് ഏഴു വയസ്സിനു താഴെ പ്രായമുള്ള കുഞ്ഞുങ്ങൾ പാടില്ല എന്ന് പറഞ്ഞപ്പോഴാ.. അവര് വീടിന്റെ കഴുക്കോൽ ഇളക്കുമാരിക്കും!
പിന്നെ സ്ഥിരം ഫ്രഷ് ഐറ്റംസ് ഭർത്താവ് കൂടെ ഇല്ലേൽ നഹി നഹി സിനിമായോ, നോ നെവർ അപ്പോപിന്നെ മേൽ പറഞ്ഞ എല്ലാം കൃത്യമായി തികഞ്ഞ എനിക്കോ?! .. “ബാ.. പോവാം ….”
Not All Men ന്ന് പറയുന്ന പോലെ Not all landlords എന്ന് പറഞ്ഞു നമ്മക്ക് ആശ്വസിക്കാം…