വില്ലനായും നായകനായും ദിലീപ് തകർത്താടിയ കമ്മാരസംഭവത്തെ സംസ്ഥാന അവാർഡ് നിർണയത്തിൽ നിന്നും ഒഴിവാക്കിയിട്ടില്ലെന്ന് ചിത്രത്തിന്റെ സംവിധായകൻ രതീഷ് അമ്പാട്ട്. ദിലീപ് ഉള്ളത് കൊണ്ട് മനപൂർവം ചിത്രത്തെ ഒഴിവാക്കിയെന്നാണ് ആരോപണങ്ങൾ. എന്നാൽ അതിനെല്ലാം മറുപടിയുമായി എത്തിയിരിക്കുകയാണ് രതീഷ് അമ്പാട്ട്.
കമ്മാരസംഭവത്തെ അവാർഡിൽ നിന്ന് തഴഞ്ഞു എന്ന ആരോപണം ശരിയല്ല. അങ്ങനെയാണെങ്കിൽ രണ്ട് അവാർഡുകൾ ലഭിക്കില്ലല്ലോ? കലാസംവിധാനത്തിനും വസ്ത്രാലങ്കാരത്തിനും കമ്മാരസംഭവത്തിന് അവാർഡ് ലഭിച്ചിട്ടുണ്ട്. ദിലീപിന്റെ അഭിനയത്തെക്കുറിച്ച് എന്റെ അഭിപ്രായം വളരെ നല്ലത് എന്നുതന്നെയാണ്. പക്ഷെ ഞാൻ ജയസൂര്യയ്ക്ക് അവാർഡ് ലഭിച്ച ക്യാപ്റ്റൻ കണ്ടിട്ടില്ല. അവാർഡിന് അർഹമായ ഒട്ടുമിക്ക ചിത്രങ്ങളും കണ്ടിട്ടില്ല. ഇതൊന്നും കാണാതെ ആ സിനിമകളെ വിമർശിക്കുന്നതെങ്ങനെയാണ്?
കാണാത്ത സിനിമയെക്കുറിച്ച് എനിക്ക് എങ്ങനെ അഭിപ്രായം പറയാൻ സാധിക്കും. ഈ ചിത്രങ്ങളെല്ലാം കണ്ടവരാണ് ജൂറിയിലുള്ളത്. അവരുടെ ബൗദ്ധിക നിലവാരത്തിനനുസരിച്ചാണ് ചിത്രങ്ങളെ പരിഗണിക്കുന്നത്. നമ്മൾ ഒരു ചിത്രം അവാർഡിന് അയക്കുമ്പോൾ തുടർന്ന് വരുന്ന തീരുമാനത്തെ അംഗീകരിക്കുകയാണ് വേണ്ടത്. ജൂറിയിൽ എന്താണ് സംഭവിച്ചതെന്ന് എനിക്ക് അറിയില്ല. എന്റെ സിനിമയ്ക്ക് അവാർഡ് തരാത്തത് കൊണ്ട് മോശം ജൂറിയാണ്, തല്ലിപ്പൊളി ജൂറിയാണെന്ന് പറയാൻ പറ്റുമോ? അവാർഡ് തരുമ്പോൾ നല്ല ജൂറിയും തരാത്തപ്പോൾ മോശം ജൂറിയുമാകുന്നത് എങ്ങനെയാണ്? ഞാൻ അവാർഡിന് വേണ്ടിയല്ല സിനിമ ചെയ്തത്.