ഇന്ത്യൻ ഹോക്കിയുടെ ഗോൾവല കാത്ത അതുല്യപ്രതിഭ പി ആർ ശ്രീജേഷിനെ കണ്ടുമുട്ടിയ അഭിമാനനിമിഷം പങ്കുവെച്ച് സംവിധായകൻ ഷാജി കൈലാസ്. പാലക്കാട് കുതിരാൻ ഭാഗത്ത് വെച്ചായിരുന്നു കണ്ടുമുട്ടൽ. ഭക്ഷണം കഴിക്കാൻ ഹോട്ടലിൽ കയറിയപ്പോൾ ആയിരുന്നു അവിചാരിത കൂടിക്കാഴ്ച. ഷാജി കൈലാസ് സംവിധാനം ചെയ്യുന്ന പുതിയ മോഹൻലാൽ ചിത്രത്തിന്റെ ഷൂട്ടിംഗ് പാലക്കാട് കുതിരാൻ ഭാഗത്ത് പുരോഗമിക്കുകയാണ്. ഷൂട്ടിംഗിന് ഇടയിൽ ആയിരുന്നു ഈ കൂടിക്കാഴ്ച.
ഭക്ഷണം കഴിക്കാൻ ഷാജി കൈലാസ് ഹോട്ടലിൽ കയറിയപ്പോഴാണ് പി ആർ ശ്രീജേഷ് കയറി വരുന്നത്. കൂടെ കുടുംബവും ഉണ്ടായിരുന്നു. സംസാരിക്കാനും അടുത്ത് നിന്ന് ഫോട്ടോക്ക് പോസ് ചെയ്യാനും കഴിഞ്ഞപ്പോൾ അതൊരു അഭിമാനത്തിന്റെ നിമിഷമായി മാറിയെന്ന് ഷാജി കൈലാസ് കുറിച്ചു. കൂടിക്കാഴ്ചയെക്കുറിച്ച് ഷാജി കൈലാസ് ഫേസ്ബുക്കിൽ കുറിച്ചത് ഇങ്ങനെ. ” അവിചാരിതം… മനോഹരം… അതൊരു അപ്രതീക്ഷിത കാഴ്ചയായിരുന്നു. ആശീർവാദ് സിനിമാസിന്റെ ബാനറിൽ ആന്റണി പെരുമ്പാവൂർ നിർമ്മിച്ച് മോഹൻലാലിനെ നായകനാക്കി ഞാൻ സംവിധാനം നിർവഹിക്കുന്ന ചിത്രത്തിന്റെ ഷൂട്ടിങ്ങ് പാലക്കാട് കുതിരാൻ ഭാഗത്ത് നടക്കുന്നു. ഭക്ഷണം കഴിക്കാൻ ഹോട്ടലിൽ കയറുമ്പോഴാണ് ശ്രീ പി ആർ ശ്രീജേഷ് കയറിവരുന്നത്… കൂടെ സ്നേഹമുള്ള കുടുംബവും. ഒളിംപിക്സിൽ മെഡൽ നേടിയ മലയാളി.. ഇന്ത്യൻ ഹോക്കിയുടെ ഗോൾവല കാത്ത അതുല്യപ്രതിഭ.. പരസ്പരം കണ്ടപ്പോൾ, സംസാരിച്ചപ്പോൾ, അടുത്ത് നിന്ന് ഫോട്ടോക്ക് പോസ് ചെയ്തപ്പോൾ അതൊരു അഭിമാനത്തിന്റെ നിമിഷമായി മാറി. ശ്രീജേഷിനെ കണ്ടതും സംസാരിക്കാൻ പറ്റിയതും മഹാഭാഗ്യമായി കരുതുന്നു. ഈ കായികതാരം ഇനിയും ഉയരങ്ങൾ കീഴടക്കട്ടെ.. മലയാളിയുടെ പേരും പെരുമയും സഹ്യൻ കടന്ന്, കടൽ കടന്ന് ലോകമെമ്പാടും എത്തട്ടെ… നന്ദി ശ്രീജേഷ്… അങ്ങേക്ക് വേണ്ടി ഏതൊരു കയികപ്രേമിയേയും പോലെ ഞാനും പ്രാർത്ഥിക്കുന്നു..ചക് ദേ ഇന്ത്യ…’
നീണ്ട 12 വർഷത്തെ ഇടവേളയ്ക്ക് ശേഷം മോഹൻലാലും ഷാജി കൈലാസും ഒരുമിക്കുന്ന ചിത്രത്തിന്റെ ഷൂട്ടിംഗ് ആണ് ഇപ്പോൾ പാലക്കാട് കുതിരാനിൽ നടക്കുന്നത്. ജീത്തു ജോസഫ് ചിത്രം ട്വൽത് മാൻ ഷൂട്ടിംഗ് പൂർത്തിയായ പശ്ചാത്തലത്തിൽ ഒക്ടോബർ അഞ്ചിന് മോഹൻലാൽ ഷാജി കൈലാസ് ചിത്രത്തിൽ ജോയിൻ ചെയ്യും. ആശിർവാദ് സിനിമാസിന്റെ ബാനറിൽ ആന്റണി പെരുമ്പാവൂരാണ് ചിത്രം നിർമിക്കുന്നത്. ആറാം തമ്പുരാൻ, നരസിംഹം എന്നിങ്ങനെ മോഹൻലാലും ഷാജി കൈലാസും ഒരുമിച്ച ചിത്രങ്ങൾ വമ്പൻ ഹിറ്റുകളായിരുന്നു. താണ്ഡവം, നാട്ടുരാജാവ്, ബാബാ കല്യാണി, റെഡ് ചില്ലീസ് എന്നിവയാണ് ഇരുവരും ഒരുമിച്ച് എത്തിയ മറ്റു ചിത്രങ്ങൾ.