മികച്ച നടിക്കുള്ള സംസ്ഥാന അവാർഡ് കരസ്ഥമാക്കിയ നിമിഷ സജയന്റേത് ഒരു മധുര പ്രതികാരം കൂടിയാണെന്ന് സംവിധായിക സൗമ്യ സദാനന്ദൻ. ചാക്കോച്ചൻ – നിമിഷ ജോഡി ഒന്നിച്ച മാംഗല്യം തന്തു നാനേന എന്ന ചിത്രത്തിന്റെ സംവിധായികയാണ് സൗമ്യ. സംസ്ഥാന അവാർഡ് കരസ്ഥമാക്കിയ നിമിഷയെ അഭിനന്ദിച്ച് സൗമ്യ ഫേസ്ബുക്കിൽ കുറിച്ച വികാരനിർഭരമായ കുറിപ്പാണ് ഇപ്പോൾ ശ്രദ്ധ നേടുന്നത്.
തന്റെ സിനിമയിലെ നായകനൊപ്പം അഭിനയിക്കുവാനുള്ള സൗന്ദര്യം നിമിഷക്കില്ലായെന്ന ഫാൻസിന്റെയും മറ്റും അഭിപ്രായത്തിൽ നിമിഷ വളരെയേറെ മാനസികമായി തകർന്നിരുന്നു എന്ന് സൗമ്യ കുറിക്കുന്നു. അതും പറഞ്ഞ് കരഞ്ഞു കൊണ്ടാണ് നിമിഷ സൗമ്യയെ വിളിച്ചത്. വളരാൻ കൊതിക്കുന്ന കഴിവുള്ള ഒരു വ്യക്തിയെ മുളയിലേ നശിപ്പിക്കുന്ന ഒരു പ്രവൃത്തിയാണ് അതെന്ന് സൗമ്യ പറയുന്നു. സച്ചിൻ ടെൻഡുൽക്കറുടെ ജീവിതം കാണിച്ചു കൊടുത്താണ് സൗമ്യ നിമ്മിയെ ആശ്വസിപ്പിച്ചത്. ഫോം ഇല്ലായ്മയുടെ പേരിൽ ഏവരും കുറ്റപ്പെടുത്തുമ്പോൾ സെഞ്ചുറി കൊണ്ട് വിമർശകരുടെ വായടപ്പിച്ചിരുന്നു സച്ചിൻ. നിമിഷ നേടിയ അവാർഡ് വിമർശകർക്ക് അർഹിക്കുന്ന ഒരു മറുപടി മാത്രമല്ല നിമ്മി അടിച്ച ഡബിൾ സെഞ്ചുറി കൂടിയാണെന്ന് സൗമ്യ അഭിപ്രായപ്പെട്ടു.