പത്തൊമ്പതാം നൂറ്റാണ്ട് എന്ന ചിത്രത്തിലൂടെ സിജു വിൽസൺ മലയാളത്തിന്റെ താപപദവിയിലേക്ക് ഉയരുമെന്ന് സംവിധായകൻ വിനയൻ. തെന്നിന്ത്യൻ സംഗീത സംവിധായകൻ സന്തോഷ് നാരായണൻ ആണ് ചിത്രത്തിനായി പശ്ചാത്തലസംഗീതം ഒരുക്കുന്നത്. സന്തോഷ് നാരായണന്റെ ആദ്യ മലയാളസിനിമ കൂടിയാണ് പത്തൊമ്പതാം നൂറ്റാണ്ട്. സൗണ്ട് ഇഫക്ട്സ് ചെയ്യുന്നത് സതീഷ്.
വിനയൻ ഫേസ്ബുക്കിൽ കുറിച്ചത്. ‘പത്തൊൻപതാം നൂറ്റാണ്ടിന്റെ പോസ്റ്റ് പ്രൊഡക്ഷൻ ജോലികൾ പുരോഗമിക്കുന്നു. ഏറെ പ്രിയങ്കരനായ എം ജയചന്ദ്രനും റഫീക് അഹമ്മദും ചേർന്നൊരുക്കിയ മനോഹരമായ ഗാനങ്ങൾ ഈ ചിത്രത്തിന്റെ മാറ്റു കൂട്ടുന്നതാണ്. ഇപ്പോൾ മറ്റൊരു സന്തോഷവാർത്ത അറിയിക്കുന്നു. തെന്നിന്ത്യയിലെ പ്രശസ്തനായ സംഗീതജ്ഞൻ സന്തോഷ് നാരായണൻ പത്തൊമ്പതാം നൂറ്റാണ്ടിന്റെ ബാക്ക്ഗ്രൗണ്ട് സ്കോറിംഗ് ചെയ്യുന്നു. സന്തോഷ് നാരായണൻ മലയാളത്തിൽ ആദ്യമായി എത്തുന്ന ചിത്രമാണിത്.’
‘ബാഹുബലി പോലുള്ള പ്രശസ്തമായ ചിത്രങ്ങൾ ചെയ്ത സതീഷ് ആണ് സൗണ്ട് ഇഫക്ട്സ് ചെയ്യുന്നത്. ശ്രീ ഗോകുലം മൂവീസ് നിർമ്മിക്കുന്ന പത്തൊമ്പതാം നൂറ്റാണ്ടിന്റെ റിലീസോടെ സിജു വിൽസൺ എന്ന യുവനടൻ മലയാളസിനിമയുടെ മൂല്യവത്താർന്ന താരപദവിയിലേക്ക് ഉയരും എന്ന് എന്റെ എളിയ മനസ്സു പറയുന്നു. എല്ലാ സുഹൃത്തുക്കളുടെയും പ്രാർത്ഥന ഉണ്ടാകുമല്ലോ.’ – വിനയൻ പറഞ്ഞത് ഇങ്ങനെ.