സംവിധായകൻ വിനയന്റെ പുതിയ ചിത്രമായ പത്തൊമ്പതാം നൂറ്റാണ്ട് ഒരു ബിഗ് ബജറ്റ് ചിത്രമാണ് ‘പത്തൊമ്പതാം നൂറ്റാണ്ട്’. ശ്രീ ഗോകുലം മൂവീസാണ് ചിത്രത്തിന്റെ നിർമാണം. ചിത്രത്തിൽ സിജു വിൽസൻ ആണ് നായകൻ. ഇത്രയും പണം മുടക്കുമ്പോൾ നായകൻ ഒരു സൂപ്പർസ്റ്റാർ വേണ്ടിയിരുന്നില്ലേ എന്ന് തന്നോട് പലരും ചോദിച്ചിട്ടുണ്ടെന്ന് വിനയൻ പറഞ്ഞു. എന്തുകൊണ്ട് സിജു വിൽസൻ നായകനായി എന്നതിനെക്കുറിച്ച്
വിനയൻ തന്നെ വിശദീകരിച്ചു.
‘ഇന്ത്യൻ സിനിമാ ചരിത്രത്തിലെ ഏറ്റവും വലിയ ബ്ലോക്ബസ്റ്ററായ ‘ബാഹുബലി’യിൽ പോലും സൂപ്പർസ്റ്റാർ ആയിരുന്നില്ല നായകൻ. പ്രഭാസ് എന്ന നടൻ ആ ചിത്രത്തിനു ശേഷമാണ് സുപ്പർസ്റ്റാർ ആയത്. താരമൂല്യത്തിന്റെ പേരിൽ മുൻകൂർ ചില ലിമിറ്റഡ് ബിസിനസ് നടക്കുമെന്നല്ലാതെ. സിനിമ അത്യാകർഷകം ആയാലേ വമ്പൻ ബിസിനസും പേരും ലഭിക്കൂ. ആക്ഷനു മുൻതൂക്കമുള്ള ഒരു വലിയ ചരിത്രസിനിമ എന്നതിലുപരി മനസ്സിൽ തട്ടുന്ന കഥയും മുഹുർത്തങ്ങളുമുള്ള ഒരു ചലച്ചിത്രം കൂടി ആയിരിക്കും പത്തൊമ്പതാം നുറ്റാണ്ട്’ – പത്തൊമ്പതാം നൂറ്റാണ്ടിൽ സിജു വിൽസനെ നായകനാക്കിയതിനെക്കുറിച്ച് വിനയൻ പറയുന്നത് ഇങ്ങനെ.
മലയാളസിനിമ ഇത്രയൊന്നും സാങ്കേതികമായി വളർന്നിട്ടില്ലാത്ത കാലത്ത് പതിനാറു വർഷങ്ങൾക്കു മുമ്പ് തന്റെ മനസ്സിൽ തോന്നിയ ഒരു ഫാന്റസി സ്റ്റോറിയാണ് മുന്നൂറോളം പൊക്കം കുറഞ്ഞ കുഞ്ഞൻമാരെ പങ്കെടുപ്പിച്ചുകൊണ്ട് ‘അത്ഭുതദ്വീപ്’ എന്ന ചലച്ചിത്രമാക്കിയത്. ഒത്തിരി പരിമിതികൾക്കുള്ളിൽ നിന്നുകൊണ്ട് വലിയ ക്യാൻവാസിൽ തന്നെ കഴിയുന്നത്ര സാങ്കേതികത്തികവോടെ 2005ൽ റിലീസു ചെയ്ത ആ ചിത്രം ഇപ്പോഴും ഇന്നത്തെ യുവത്വം ചർച്ച ചെയ്യുന്നു എന്നത് തനിക്കേറെ പ്രചോദനം നൽകുന്ന ഒന്നാണെന്നും വിനയൻ പറഞ്ഞു. ശ്രീ ഗോകുലം മൂവീസു പോലെ ശക്തമായ ഒരു നിർമ്മാണക്കമ്പനിയുടെ ബാനറിൽ സ്വപ്നതുല്യമായ ഒരു പ്രോജക്ടായി പത്തൊമ്പതാം നൂറ്റാണ്ടു പൂർത്തിയാകുമ്പോൾ പ്രതീക്ഷകൾ വാനോളമാണെന്നും സംവിധായകൻ വ്യക്തമാക്കുന്നു. ചിത്രത്തിൽ ഗോകുലം ഗോപാലനും ഒരു പ്രധാനവേഷത്തിൽ എത്തുന്നുണ്ട്. പെരുമാൾ എന്ന കഥാപാത്രമായാണ് ഗോകുലം ഗോപാലൻ ചിത്രത്തിൽ എത്തുന്നത്. സിജു വിൽസൺ ചെയ്യുന്ന നായക വേഷമായ വേലായുധപ്പണിക്കർക്ക് എല്ലാ മാർഗ്ഗനിർദ്ദേശങ്ങളും ഉപദേശങ്ങളും നൽകി അനീതിക്കും ജാതി വിവേചനത്തിനും എതിരെ പോരാടാൻ ഊർജ്ജം കൊടുത്ത മുത്തച്ഛനാണ് പെരുമാൾ. പെരുമാളിന്റെ കാരക്ടർ പോസ്റ്റർ ഫേസ്ബുക്കിൽ റിലീസ് ചെയ്തുകൊണ്ടുള്ള കുറിപ്പിലാണ് സിജു വിൽസനെ നായകനാക്കാനുള്ള കാരണവും വിനയൻ വ്യക്തമാക്കുന്നത്.