പത്തൊമ്പതാം നൂറ്റാണ്ട് സിനിമയുടെ പന്ത്രണ്ടാം കാരക്ടർ പോസ്റ്റർ പുറത്തുവിട്ട് സംവിധായകൻ വിനയൻ. പൂനം ബജ്വ അവതരിപ്പിക്കുന്ന ബുദ്ധിമതിയും സുന്ദരിയും ആരെയും ആകർഷിക്കുന്ന വ്യക്തിത്വവുമുള്ള തിരുവിതാംകൂർ രാജ്ഞിയുടെ കാരക്ടർ പോസ്റ്റർ ആണ് പുറത്തുവിട്ടത്. അറുപതോളം താരങ്ങളും ആയിരത്തിലധികം സപ്പോർട്ടിംഗ് ആർട്ടിസ്റ്റുകളും പങ്കെടുക്കുന്ന ശ്രീ ഗോകുലം മുവീസിന്റെ ചിത്രത്തിന്റെ ക്ലൈമാക്സ് ഷുട്ടിംഗ് ഞായറാഴ്ച ആരംഭിക്കുമെന്നും വിനയൻ അറിയിച്ചു.
കാരക്ടർ പോസ്റ്റർ പുറത്തിറക്കി വിനയൻ ഫേസ്ബുക്കിൽ കുറിച്ചത് ഇങ്ങനെ, ‘തിരുവിതാംകൂറിന്റെ ചരിത്രത്തിൽ മഹാറാണിപ്പട്ടം അലങ്കരിച്ചിട്ടുള്ളവർ നാലു പേരാണ്. 1677ൽ ഉമയമ്മറാണി, 1810ൽ റാണി ഗൗരി ലഷ്മിഭായി, 1815ൽ റാണി ഗൗരി പാർവ്വതി ഭായി, 1924ൽ റാണി സേതു ലഷ്മിഭായി എന്നിവരാണവർ. അടിമക്കച്ചവടം നിർത്തലാക്കിയതും മാറുമറയ്ക്കാൻ അർഹതയില്ലാതിരുന്ന ഈഴവർ തൊട്ടു താഴോട്ടുള്ള വിഭാഗത്തിലെ സ്ത്രീകൾക്ക് മാറുമറച്ചു നടക്കാമെന്നുള്ള വിളംബരം ഇറക്കിയതും റാണി ഗൗരി ലഷ്മിഭായിയുടെ കാലത്തായിരുന്നു. തിരുവിതാംകൂറിൻെറ മഹാറാണിമാർ പ്രബലരായ ഭരണകർത്താക്കളായിരുന്നു എന്നു തെളിയിക്കുന്നതാണ് അവർ പുറപ്പെടുവിച്ച ഇത്തരം ഉത്തരവുകൾ. പക്ഷേ, ഭരണകർത്താക്കൾ ഉത്തരവിട്ടാലും അതു നടപ്പാക്കേണ്ട പ്രമുഖരായ ഉദ്യോഗസ്ഥരും അവരെ നിലനിർത്തിയിരുന്ന പ്രമാണിമാരും മാടമ്പിമാരും ഈ വിളംബരങ്ങളെ ഒക്കെ അവഗണിച്ചു കൊണ്ട് നീതിരഹിതമായ കീഴ് വഴക്കങ്ങൾ തുടർന്നു കൊണ്ടേയിരുന്നു. ഇതിനെതിരെ ശക്തമായി തന്റെ പടവാളുമായി പോരാടാനിറങ്ങിയ ധീരനായിരുന്നു ആറാട്ടു പുഴ വേലായുധപ്പണിക്കർ. അതുകൊണ്ടു തന്നെ ആ പോരാളിക്കു നേരിടേണ്ടി വന്നത് അതിശക്തരായ അധികാരവൃന്ദത്തെ ആയിരുന്നു. പക്ഷേ യുദ്ധസമാനമായ ആ പോരാട്ടങ്ങളൊന്നും വേലായുധനെ തളർത്തിയില്ല. എന്നു മാത്രമല്ല ആയിരക്കണക്കിനു അധസ്ഥിതരായ ജനസമൂഹം വേലായുധന്റെ പിന്നിൽ അണിനിരക്കാൻ തയ്യാറാകുകയും ചെയ്തു. വേലായുധന്റെ ചെറുത്തു നിൽപ്പ് രാജ്ഞിയുടെ ചെവിയിലും എത്തിയിരുന്നു. അധികാരത്തിന്റെ ഇടനാഴികളിൽ നുഴഞ്ഞു കയറിയ അധർമ്മത്തിന്റെ കറുത്ത പൂച്ചകളെ ഇരുട്ടത്തു തപ്പിയിട്ടു കാര്യമില്ല എന്നു പറഞ്ഞ ബുദ്ധിമതിയായ രാജ്ഞിയെ പൂനം ബജ്വ എന്ന അഭിനേത്രി അർത്ഥവത്താക്കി. അറുപതോളം താരങ്ങളും ആയിരത്തിലധികം സപ്പോർട്ടിംഗ് ആർട്ടിസ്റ്റുകളും പങ്കെടുക്കുന്ന ശ്രീ ഗോകുലം മുവീസിന്റെ അഭിമാന ചിത്രത്തിന്റെ ക്ലൈമാക്സ് ഷുട്ടിംഗ് നാളെ ആരംഭിക്കുന്നു.’
വിനയന് തന്നെയാണ് പത്തൊമ്പതാം നൂറ്റാണ്ടിന്റെ രചനയും സംവിധാനവും നിര്‍വഹിക്കുന്നത്. ചിത്രം 2022ല്‍ തിയറ്ററുകളിലെത്തും. 19-ാം നൂറ്റാണ്ടിന്റെ മധ്യ കാലഘട്ടത്തില്‍ ജീവിച്ചിരുന്ന ആറാട്ടുപുഴ വേലായുധ പണിക്കരായാണ് സിജു വില്‍സണ്‍ എത്തുന്നത്. തിരുവിതാംകൂറിന്റെ ചരിത്രരേഖകളിൽ പലപ്പോഴും തമസ്കരിക്കപ്പെട്ട ആറാട്ടുപുഴ വേലായുധപ്പണിക്കർ എന്ന ധീരകഥാപാത്രത്തെ നായകനാക്കി ശ്രീ ഗോകുലം ഗോപാലൻ നിർമ്മിക്കുന്ന ഈ ചിത്രം വലിയ ക്യാൻവാസിൽ തന്നെയാണ് പ്രേക്ഷകർക്കു മുന്നിലെത്തുന്നത്. ഏറ്റവും നല്ല സാങ്കേതിക തികവോടെ എത്തുന്ന ഈ ചിത്രം കൊമേഴ്സ്യലായും കലാപരമായും ഒരു നാഴികക്കല്ലായി മാറുമെന്ന പ്രതീക്ഷയിലാണ് അണിയറപ്രവർത്തകർ.