മോൻസൻ വിഷയത്തിൽ ഇതുവരെ യാതൊരുവിധ പ്രതികരണത്തിനും തയ്യാറാകാത്ത സിനിമമേഖലയിലെ വനിത സംഘടയെ പരോക്ഷമായി ട്രോളി സംവിധായകൻ വ്യാസൻ. ഫേസ്ബുക്കിലാണ് വ്യാസൻ തന്റെ പ്രതികരണം കുറിച്ചത്. ‘മോൻസൻ്റേ കൂടെ ദിലീപ് നിൽക്കുന്ന ഒരു ചിത്രം ഉണ്ടായിരുന്നെങ്കിൽ.. കാണാതെ പോയ ഒരു വനിതാ സംഘടനയുടെ ശബ്ദമെങ്കിലും കേൾക്കാമായിരുന്നു’ – എന്നാണ് വ്യാസൻ കുറിച്ചത്. വ്യാസന്റെ പരാമർശത്തിന് നിരവധി പ്രതികരണവുമായി ആരാധകർ കമന്റ് ബോക്സിലെത്തി. പറഞ്ഞത് സത്യമാണെന്നും പറഞ്ഞത് ഇഷ്ടപ്പെട്ടെന്നും കമന്റ് ബോക്സിൽ ചിലർ വ്യക്തമാക്കി. എന്നാൽ, മോൻസന്റെ കഥ സിനിമയാക്കി ദിലീപിനെ നായകനാക്കാമെന്നാണ് ഒരാൾ കുറിച്ചത്. അതേസമയം, ‘സെലക്ടീവ് പ്രതികരണ’മാണ് ആ സംഘടനയുടേതെന്ന് ഒരാൾ ആരോപിച്ചു.
ദിലീപ് നായകനായ ‘ശുഭരാത്രി’യുടെ സംവിധായകനാണ് വ്യാസൻ. 2017ൽ പുറത്തിറങ്ങിയ അയാൾ ജീവിച്ചിരിപ്പുണ്ട് എന്ന സിനിമയാണ് വ്യാസൻ ആദ്യമായി സംവിധാനം ചെയ്തത്. അതിനു ശേഷം 2019ൽ പുറത്തിറങ്ങിയ സിനിമയാണ് ശുഭരാത്രി. ഇതിൽ ദിലീപും അനു സിത്താരയുമാണ് നായകവേഷങ്ങളിൽ എത്തിയത്. നടി ആക്രമിക്കപ്പെട്ട കേസിൽ ദിലീപിന് വ്യാസൻ പിന്തുണ പ്രഖ്യാപിച്ചിരുന്നു. സിനിമയിലെ വനിത സംഘടന ഈ വിഷയത്തിൽ ദിലീപിനെതിരെ ശക്തമായ നിലപാട് ആയിരുന്നു എടുത്തത്. എന്നാൽ, സിനിമയിലെ പ്രമുഖരായ പല താരങ്ങളും പുരാവസ്തു തട്ടിപ്പിൽ അറസ്റ്റിലായ മോൻസന്റെ ‘മ്യൂസിയ’ത്തിൽ സന്ദർശനം നടത്തിയിരുന്നു. ഉന്നതരായ പല രാഷ്ട്രീയക്കാരും പൊലീസ് ഉദ്യോഗസ്ഥരും ഇത്തരത്തിൽ മോൻസന്റെ ‘പുരാവസ്തു’ ശേഖരം കാണാൻ എത്തിയിരുന്നു. എന്നാൽ, ഈ വിഷയത്തിൽ ഇതുവരെ പ്രതികരിക്കാൻ സിനിമയിലെ വനിത സംഘടനയുടെ പ്രതിനിധികൾ തയ്യാറായിട്ടില്ല.
പുരാവസ്തു സൂക്ഷിപ്പുകാരനാണെന്ന വ്യാജേന സമൂഹത്തിലെ ഉന്നതൻമാരെയും സെലിബ്രിറ്റികളെയും പറ്റിച്ച മോൻസൻ മാവുങ്കൽ സാമ്പത്തികതട്ടിപ്പിൽ പരാതി ഉയർന്നതിനെ തുടർന്നാണ് അറസ്റ്റിലായത്. സമൂഹത്തിലെ ഉന്നതരായ പലരും മോൻസൻ മാവുങ്കലിന്റെ വീട്ടിലെ ‘പുരാവസ്തു’ ശേഖരം കാണാൻ എത്തിയിരുന്നു. സംസ്ഥാന പൊലീസ് മേധാവി ആയിരുന്ന ലോക്നാഥ് ബെഹ്റയും ഇതിൽ ഉൾപ്പെടുന്നു. മോൻസൻ പണം തട്ടിയെന്ന് കാണിച്ച് സാമ്പത്തികതട്ടിപ്പിന് ഇരയായ ചിലർ മുഖ്യമന്ത്രിയെ സമീപിച്ചതോടെയാണ് പരാതിയിൽ അന്വേഷണം ആരംഭിച്ചത്.