ക്രിസ്മസ് തലേന്ന് ഒടിടി പ്ലാറ്റ്ഫോമായ നെറ്റ്ഫ്ലിക്സിൽ റിലീസ് ചെയ്ത സൂപ്പർ ഹീറോ ചിത്രം മിന്നൽ മുരളി വിജയകരമായി സ്ട്രീമിംഗ് തുടരുകയാണ്. നെറ്റ്ഫ്ലിക്സ് ഇന്ത്യയുടെ ടോപ് 10 ലിസ്റ്റിൽ ഒന്നാമതായി മിന്നൽ മുരളി തുടരുകയാണ്. സമീപകാലത്ത് ഒരു ഇന്ത്യൻ ചിത്രത്തിനു നൽകാത്ത പ്രി – റിലീസ് പബ്ലിസിറ്റി മിന്നൽ മുരളിക്ക് നെറ്റ്ഫ്ലിക്സ് നൽകിയിരുന്നു.
‘മിന്നൽ മുരളി’യെ ഏറ്റെടുത്തതു പോലെ മിന്നൽ മുരളിയുടെ ഷൂട്ടിംഗ് ലൊക്കേഷനിലെ വീഡിയോകളും ആരാധകർ ഏറ്റെടുത്തിരിക്കുകയാണ്. ഏറ്റവും പുതിയതായി സംവിധായകൻ ബേസിൽ ആണ് മിന്നൽ മുരളിയുടെ ഷൂട്ടിംഗ് ലൊക്കേഷനിൽ നിന്നുള്ള ഒരു വീഡിയോ പങ്കുവെച്ചത്. ക്ലൈമാക്സ് രംഗത്തെ ആക്ഷൻ സീനുകൾ ചിത്രീകരിക്കുന്നതിനിടയിൽ നിന്നുള്ള ഒരു വീഡിയോ ആണ് പങ്കുവെച്ചിരിക്കുന്നത്.
മിന്നൽ മുരളിയുടെ പുതിയ കോസ്റ്റ്യൂം ഇട്ട് നിൽക്കുകയാണ് നായകൻ. എന്നാൽ, ആ പുതിയ ഡ്രസിൽ കുറച്ച് മണ്ണും ചെളിയും ഒക്കെ പറ്റിക്കണം. അതിനുള്ള നിർദ്ദേശം സംവിധായകൻ ബേസിൽ സഹായികൾക്ക് നൽകുന്നു. തുടർന്ന് സഹായികൾ കോസ്റ്റ്യൂമിൽ മണ്ണ് പറ്റിക്കാനുള്ള ശ്രമം നടത്തുന്നു. എന്നാൽ ഇതുകണ്ട ടോവിനോ കോസ്റ്റ്യൂം ഡൾ ചെയ്യുന്നതിനായി മണ്ണിൽ കിടന്നുരുളുകയാണ്. ഈ വീഡിയോ ആണ് ബേസിൽ പങ്കുവെച്ചത്. ടോവിനോയുടെ ‘ഡെഡിക്കേഷൻ ലെവൽ’ വേറെ ലെവൽ എന്നാണ് കമന്റുകൾ. അതേസമയം, കമന്റ് ബോക്സിൽ ടോവിനോയും എത്തി. ‘നീ പക പോക്കുകയാണല്ലേടാ’ എന്നായിരുന്നു ടോവിനോയുടെ കമന്റ്. ‘ഡെക്കറേഷൻ ഒന്നും വേണ്ടാ… ഭാസി ഭംഗി കുറക്ക്’, ‘ഇവനെ ഇതിലിട്ട് ഒന്ന് പെരട്ടി എടുക്ക്’ എന്നിങ്ങനെ പോകുന്നു ആരാധകരുടെ കമന്റുകൾ.
View this post on Instagram