ചിരഞ്ജീവിയുടേതായി ഒടുവില്‍ പുറത്തിറങ്ങിയ ചിത്രമാണ് ആചാര്യ. രാംചരണ്‍ തേജയും ചിത്രത്തില്‍ ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ചിരുന്നു. ഏപ്രില്‍ 29ന് റിലീസ് ചെയ്ത ചിത്രം പ്രതീക്ഷിച്ച പോലെ വിജയം കൊയ്തില്ല. ഇപ്പോഴിതാ ചിത്രം വരുത്തിയ നഷ്ടം നികത്താന്‍ ചിരഞ്ജീവിയോട് സഹായമഭ്യര്‍ത്ഥിച്ചിരിക്കുകയാണ് വിതരണക്കാരന്.
കര്‍ണാടകയിലെ റായ്ച്ചൂര്‍ ജില്ലയിലെ വിതരണക്കാരനായ രാജഗോപാല്‍ ബജാജാണ് ചിരഞ്ജീവിയോട് കത്ത് മുഖാന്തരം സഹ്യാഭ്യര്ത്ഥന നടത്തിയത്. സിനിമ പ്രതീക്ഷിച്ച രീതിയില്‍ കളക്ഷന്‍ നേടിയില്ലെന്നും തനിക്ക് വലിയ തോതില്‍ നഷ്ടമുണ്ടായെന്നും രാജഗോപാല്‍ കത്തില്‍ പറയുന്നു. മുടക്ക് മുതലിന്റെ 25 ശതമാനം മാത്രമാണ് തിരിച്ചുപിടിക്കാന്‍ സാധിച്ചത്. വലിയൊരു തുക കടമെടുത്താണ് സിനിമയില്‍ നിക്ഷേപിച്ചത്. നിലവില്‍ വലിയ ബാധ്യതകളുണ്ടെന്നും രാജഗോപാല്‍ ബജാജ് കത്തില്‍ ചൂണ്ടിക്കാട്ടി.
ഏറെ പ്രതീക്ഷയോടെ എത്തിയ ചിത്രമായിരുന്നു ആചാര്യ. അച്ഛന് മകന് കോമ്പോയായിരുന്നു പ്രേക്ഷകര്‍ ഉറ്റുനോക്കിയത്. കൊരടാല ശിവയാണ് ചിത്രം സംവിധാനം ചെയ്തത്. പൂജ ഹെഗ്ഡെയാണ് ചിത്രത്തില്‍ നായിക കഥാപാത്രത്തെ അവതരിപ്പിച്ചത്. സോനു സൂദ്, ജിഷു സെന്‍ഗുപ്ത, സൗരവ് ലോകോഷേ, കിഷോര്‍ പൊസനി കൃഷ്ണ മുരളി, തനികെല്ല ഭരണി, അജയ്, സംഗീത് കൃഷ് തുടങ്ങി വന്‍ താരനിരയാണ് ചിത്രത്തില്‍ അണിനിരന്നത്.