അഭിനയ ജീവിതത്തിൽ നിന്നും വിട്ടുനിൽക്കുകയാണ് എങ്കിലും നൃത്ത പരിപാടികളിൽ ഇപ്പോഴും സജീവമായ താരമാണ് ദിവ്യഉണ്ണി. കഴിഞ്ഞ ജനുവരിയിലാണ് ദിവ്യയുടെ ജീവിതത്തിലേക്ക് മറ്റൊരു മാലാഖ കുഞ്ഞു കൂടി കടന്നു വന്നത്. ജനുവരി പതിനാലാം തീയതി ആയിരുന്നു മൂന്നാമത്തെ കുഞ്ഞിന്റെ ജനനം. 37 ആമത്തെ വയസ്സിൽ അമ്മ ആയതിന്റെ സന്തോഷം ഇപ്പോൾ പങ്കുവയ്ക്കുകയാണ് താരം.
ദിവ്യയുടെ വാക്കുകൾ:
‘പ്രായത്തെക്കുറിച്ചോർത്ത് ആദ്യം ഉത്കണ്ഠകൾ ഉണ്ടായിരുന്നെങ്കിലും സാധാരണ പ്രസവം തന്നെയായിരുന്നു. ഗർഭകാലത്തുണ്ടാവുന്ന മോണിങ്ങ് സിക്ക്നസ് ഒക്കെ എനിക്കുമുണ്ടായിരുന്നു.അതോർത്ത് ഒരു കാര്യവും മാറ്റിവയ്ക്കേണ്ടി വന്നിട്ടില്ല. രണ്ടാം മാസം മുതൽ തന്നെ ഡാൻസ് ചെയ്തു. അത് അവസാന എട്ടുമാസത്തോളം നീണ്ടു എന്നതാണ് വലിയ കാര്യം.’
‘തലേ ദിവസം വരെ നല്ല തിരക്കായിരുന്നു. പ്രസവശേഷം ഡോക്ടർ നിർദേശിച്ച സമയമത്രയും പൂർണമായും വിശ്രമിച്ചു. പിന്നെ പ്രസവാനന്തര ശുശ്രൂഷകളും. പതിയെയാണ് നൃത്തപരിശീലനങ്ങളിലേക്ക് തിരിച്ചെത്തിയത്. ഓരോ ഘട്ടങ്ങളായി പ്രാക്റ്റീസ് പുനരാരംഭിച്ചു. വീട്ടിൽ കുഞ്ഞുങ്ങൾ ഉണ്ടാകുമ്പോൾ നമ്മളും കുഞ്ഞാകില്ലേ. നമുക്കും പ്രായം കുറയും. മനസ്സ് ചെറുപ്പമാകും. മോൾക്കിപ്പോൾ അഞ്ചു മാസമായി. താളവും കൊട്ടുമൊക്കെ അവളും ശ്രദ്ധിക്കാൻ തുടങ്ങി. ആൾക്കും ഡാൻസ് ഇഷ്ടമാണെന്നു തോന്നുന്നു.’