സ്ത്രീധനത്തിന്റെ പേരില്‍ ജീവിതം ബലികൊടുക്കപ്പെട്ട വിസ്മയയുടെ വാര്‍ത്തയോടെ സ്ത്രീധനവുമായി ബന്ധപ്പെട്ട പ്രശ്നങ്ങള്‍ വീണ്ടും ചര്‍ച്ചയായി മാറിയിരിക്കുകയാണ്. ഭര്‍തൃപീഡനത്തില്‍ നിന്നും സ്വയം ഇറങ്ങിപ്പോരാനും ശക്തമായി പ്രതികരിക്കാനും പെണ്ണ് ശീലിക്കണമെന്ന് പറയുകയാണ് ദിയ സന. ഫേസ്ബുക്ക് കുറിപ്പിലൂടെയായിരുന്നു ദിയയുടെ പ്രതികരണം.
നീണ്ട 15 വര്‍ഷങ്ങള്‍ക്ക് മുന്‍പ് ഒരു വിവാഹം എനിക്കും സംഭവിച്ചു. വാപ്പയും ഉമ്മയും കഷ്ടപ്പെട്ട് സ്വര്‍ണവും പണവും ഭൂമിയും ഒക്കെ കൊടുത്തു. ഇനിയും ഇനിയും മുതല്‍ വേണമെന്നുള്ള ബുദ്ധിമുട്ടിക്കല്‍ എന്റെ ശരീരത്തിന് നേരെ എത്തി. അയാളും കുടുംബവും കുറെ ഇടിച്ചു അടിച്ചു. ഒടുക്കം ഇറങ്ങിയോടി എന്റെ വീട്ടിലെത്തി. കുറെ ആര്‍ത്തിമൂത്ത മനസാക്ഷിയില്ലാത്ത ദ്രോഹികളായ ആളുകളുടെ ഇടയില്‍ പെടുന്ന പെണ്‍കുട്ടികളെ നിങ്ങളുടെ ജീവിതം തീര്‍ന്നിട്ടില്ല. നിങ്ങള്‍ സ്വയം നിയന്ത്രണം വിട്ട തീരുമാനം എടുക്കല്ലേ. ഈ സാമദ്രോഹികളുടെ ഇടയില്‍ നിന്നും ഇറങ്ങി അവരോടൊക്കെ നിയമപരമായി നീങ്ങി പ്രതികാരം ചെയ്യണം. ഇപ്പോഴും സ്വത്തിനു വേണ്ടി ആര്‍ത്തി മൂക്കുന്ന ഓരോ കുടുംബത്തിന് നേര്‍ക്കുമുള്ള ഒച്ച ആകണം ഓരോ പെണ്ണുമെന്നായിരുന്നു ദിയ കുറിച്ചത്. നിന്റെ അനുഭവങ്ങള്‍ മറ്റുള്ളവര്‍ക്ക് പാഠമാകട്ടെയെന്നായിരുന്നു കമന്റുകള്‍.