മുൻ ബിഗ് ബോസ്സ് മത്സരാർത്ഥിയും സാമൂഹിക പ്രവർത്തകയുമായ ദിയ സന കഴിഞ്ഞ ദിവസങ്ങളിൽ വാർത്തകളിൽ നിറഞ്ഞത് തന്റെ നേരെ ബസിൽ വെച്ചുണ്ടായ ലൈംഗിക അതിക്രമണത്തെ ഫേസ്ബുക്കിലെ ലൈവ് വീഡിയോയിലൂടെ ലോകത്തെ കാണിച്ചു കൊടുത്തപ്പോഴാണ്. ആ സംഭവത്തെ കുറിച്ച് കൂടുതൽ വെളിപ്പെടുത്തലുകൾ നടത്തിയിരിക്കുകയാണ് ദിയയിപ്പോൾ.
“കേരള സംസ്ഥാന യൂത്ത് ഫെസ്റ്റിവലിൽ പങ്കെടുക്കുവാൻ ഞാൻ കാഞ്ഞങ്ങാടിന് യാത്ര ചെയ്യുകയായിരുന്നു. പാതിമയക്കത്തിൽ എന്റെ ശരീരത്തിൽ അസ്വാഭാവികമായ രീതിയിൽ സ്പർശിക്കുന്നതായി തിരിച്ചറിഞ്ഞു. ഭയപ്പെട്ടെങ്കിലും ധൈര്യം സംഭരിച്ച് ഞാൻ അയാളുടെ കൈയ്യിൽ കയറിപ്പിടിച്ചു. മനഃസാന്നിധ്യം വീണ്ടെടുത്ത ഞാൻ ലൈവ് വീഡിയോ എടുത്ത് സമൂഹത്തിന് മുൻപിൽ അയാളെ കാണിച്ചു കൊടുത്തു.”
താൻ ഒരു ഇരയല്ലെന്നും തന്റെ അഭിമാനത്തിന് ക്ഷതമേറ്റപ്പോൾ പോരാടിയ ഒരു സ്ത്രീ ആണെന്നും കൂട്ടിച്ചേർത്തു. ആ ഷോക്കിൽ നിന്നും മോചിതയായെങ്കിലും വർദ്ധിച്ചു വരുന്ന ഇത്തരം സംഭവങ്ങളെക്കുറിച്ച് ആകുലതയിൽ ആണെന്നും ദിയ പറഞ്ഞു. ആ ലൈവ് വീഡിയോക്ക് ശേഷം ദിയക്ക് പിന്തുണയേകിയും പ്രതികൂലമായും പലരും എത്തിയിട്ടുണ്ട്. കിസ് ഓഫ് ലവ്, മാറുതുറക്കൽ സമരം തുടങ്ങിയ ക്യാമ്പയിനുകളിലൂടെ നേടിയ പ്രശസ്തി തന്നെയാണ് ദിയ സനയെ എതിർത്ത് ആളുകൾ മുന്നോട്ട് വരുവാനും കാരണം.
“എനിക്ക് എന്റേതായ ഒരു രാഷ്ട്രീയ കാഴ്ചപ്പാടുണ്ട്. എന്നുവെച്ച് ഞാൻ എല്ലാവർക്കും ലഭ്യമാകുന്ന ഒരാളാണ് എന്നർത്ഥമില്ല. എന്റെ ശരീരം എന്റെ സ്വകാര്യതയാണ്, അതിൽ എന്റെ അനുവാദമില്ലാതെ ആര് തൊട്ടാലും അത് കുറ്റമാണ്.” ദിയ കൂട്ടിച്ചേർത്തു.