ആഫ്രിക്കയിലെ ഇതുവരെ കാണാത്ത കാഴ്ചകളുമായി ജിബൂട്ടി നാളെ തിയറ്ററുകളിലേക്ക്. കുടുംബപ്രേക്ഷകരെയും ആക്ഷൻ സിനിമാപ്രേമികളെയും ഒരുപോലെ തൃപ്തിപ്പെടുത്തുന്ന ചിത്രമായിരിക്കും ജിബൂട്ടിയെന്നാണ് അണിയറ പ്രവർത്തകർ നൽകുന്ന സൂചന. ചിത്രത്തിന്റെ ട്രയിലർ ഇതിനകം തന്നെ പ്രേക്ഷകശ്രദ്ധ നേടിയിരുന്നു.
അമിത് ചക്കാലക്കലിനെ നായകനാക്കി എസ് ജെ സിനു ആണ് ചിത്രം ഒരുക്കിയിരിക്കുന്നത്. സർവൈവൽ ആക്ഷൻ ത്രില്ലർ എന്ന ജോണറിലാണ് ചിത്രം ഒരുക്കിയിരിക്കുന്നത്. ആക്ഷൻ ത്രില്ലർ ആണെങ്കിലും സെൻസർ ബോർഡിന്റെ ക്ലീൻ യു സർട്ടിഫിക്കറ്റ് ആണ് ചിത്രത്തിന് ലഭിച്ചിരിക്കുന്നത്. ഇതോടെ കുടുംബപ്രേക്ഷകരും ആഫ്രിക്കൻ കാഴ്ചകൾ കാണാൻ തിയറ്ററുകളിലേക്ക് എത്തുമെന്ന് ഉറപ്പായി.
ആഫ്രിക്കൻ രാജ്യങ്ങളിലെ മനുഷ്യക്കടത്തും നിയമ നൂലാമാലകളും ജിബൂട്ടിയിൽ പ്രമേയമാകുന്നുണ്ട്. നാട്ടിൻപുറത്തുകാരായ രണ്ടു സുഹൃത്തുക്കൾ ജിബൂട്ടിയിൽ എത്തുന്നതും തുടർന്നുണ്ടാകുന്ന സംഭവവികസങ്ങളുമാണ് ചിത്രത്തിന്റെ പ്രമേയം. മനുഷ്യക്കടത്തും ചിത്രത്തിൽ ചർച്ച ചെയ്യുന്നുണ്ട്. ശകുൻ ജസ്വാൾ ആണ് ചിത്രത്തിലെ നായിക. ദീപക് ദേവ് ആണ് ചിത്രത്തിന്റെ സംഗീതം. കൈതപ്രം ദാമോദരൻ നമ്പൂതിരി, വിനായക് ശശികുമാർ എന്നിവരാണ് വരികൾ. അമിത് ചക്കാലക്കൽ, ദിലീഷ് പോത്തൻ എന്നിവരെ കൂടാതെ ഗ്രിഗറി, ബിജു സോപാനം, സുനില്‍ സുഖദ, തമിഴ് നടന് കിഷോര്‍, രോഹിത് മഗ്ഗു, അലന്‍സിയര്‍, പൗളി വത്സന്, മാസ്റ്റര്‍ ഡാവിഞ്ചി എന്നിവരും ചിത്രത്തിൽ പ്രധാനവേഷങ്ങളിൽ എത്തുന്നുണ്ട്.
ആഫ്രിക്കന്‍ രാജ്യമായ ജിബൂട്ടിയിലെ മലയാളി വ്യവസായിയായ ജോബി പി സാം ബ്ലൂഹില്‍ നെയ്ല്‍ കമ്മ്യൂണിക്കേഷന്റെ ബാനറിലാണ് ചിത്രം നിർമിക്കുന്നത്. ചിത്രത്തിന്റെ ഭൂരിഭാഗവും ആഫ്രിക്കന്‍ രാജ്യമായ ജിബൂട്ടിയിലാണ് ചിത്രീകരിച്ചിരിക്കുന്നത്. ചിത്രത്തിന്റെ തിരക്കഥയും സംഭാഷണവും അഫ്സല് അബ്ദുള്‍ ലത്തീഫ്, എസ്. ജെ. സിനു എന്നിവര്‍ ചേര്‍ന്നാണ് ഒരുക്കിയിരിക്കുന്നത്. ചിത്രസംയോജനം – സംജിത് മുഹമ്മദ്, ഛായാഗ്രഹണം – ടി ഡി ശ്രീനിവാസ്, എക്സിക്യൂട്ടീവ് പ്രൊഡ്യൂസര്‍ – തോമസ് പി മാത്യു, ആര്‍ട്ട് – സാബു മോഹന്‍, പ്രൊഡക്ഷന്‍ കണ്ട്രോളര് – സഞ്ജയ് പടിയൂര്‍, കോസ്റ്റ്യൂം – ശരണ്യ ജീബു, സ്റ്റില്‍സ് – രാംദാസ് മാത്തൂര്‍, സ്റ്റണ്ട്സ് – വിക്കി മാസ്റ്റര്‍, റണ്‍ രവി, മാഫിയ ശശി എന്നിവര്‍, ഡിസൈന്‍സ് – സനൂപ് ഇ സി, മനു ഡാവിഞ്ചി എന്നിവര്‍, വാര്‍ത്താ പ്രചരണം മഞ്ജു ഗോപിനാഥ്, ഡിജിറ്റല്‍ മാര്‍ക്കറ്റിംഗ് എം ആര് പ്രൊഫഷണല്‍.