ദുൽഖർ സൽമാനും കല്യാണി പ്രിയദർശനും ഒന്നിച്ചുള്ള എങ്കിലേ എന്നോട് പറ എപ്പിസോഡ് ഇപ്പോൾ നവമാദ്ധ്യമങ്ങളിൽ ഏറെ വൈറലായി കൊണ്ടിരിക്കുകയാണ്. സിനിമാ ഡാഡിയുടെ സംഘാടനത്തിൽ നടത്തപ്പെടുന്ന ഈ ഫൺ ഇന്റർവ്യൂ ഷോ ഹോസ്റ്റ് ചെയ്യുന്നത് നന്ദിനിയാണ്. നവാഗതനായ അനൂപ് സത്യൻ സംവിധാനം ചെയ്ത വരനെ ആവശ്യമുണ്ട് എന്ന ചിത്രത്തിന്റെ പ്രചരണാർത്ഥം ആണ് ഇരുവരും ഇത്തവണ ഷോയിൽ പങ്കെടുത്തത്.
ഷോയ്ക്കിടെ എന്തുകൊണ്ടാണ് തന്റെ പ്രൊഡക്ഷൻ കമ്പനിക്ക് വേഫെറർ എന്ന് പേരിട്ടത് എന്ന് വെളിപ്പെടുത്തിയിരിക്കുകയാണ് ദുൽഖർ സൽമാൻ. യാത്രകളെ തനിക്ക് ഇഷ്ടമാണെന്നും അതുമായി ചേർന്ന് പോകുന്ന ഒരു പേര് വേണം എന്നതുകൊണ്ടാണ് ഈ പേര് തിരഞ്ഞെടുത്തത് എന്നുമാണ് ദുൽക്കർ അഭിപ്രായപ്പെട്ടത്. പേരിന് സിനിമയുമായി ഒരു ബന്ധവുമില്ലായെന്നും താരം കൂട്ടിച്ചേർത്തു.ഞാനും കല്യാണിയും ഇതുവരെ പങ്കെടുത്തതിൽ ഏറ്റവും രസകരമായ ഇന്റർവ്യൂ ഇതാണ് എന്ന് അഭിപ്രായപ്പെട്ടിരിക്കുകയാണ് ദുൽഖർ സൽമാൻ ഇപ്പോൾ. അഭിമുഖത്തിന്റെ ലിങ്ക് പങ്ക് വെച്ച് ദുൽഖർ ഫേസ്ബുക്ക് പേജിലാണ് ഈ കാര്യം കുറിച്ചത് .
ദുൽഖർ സൽമാനെ കൂടാതെ സുരേഷ് ഗോപി, ശോഭന, കല്യാണി പ്രിയദർശൻ എന്നിവർ ഒന്നിക്കുന്ന ചിത്രമാണിത്. കഴിഞ്ഞ വെള്ളിയാഴ്ച റിലീസ് ചെയ്ത ചിത്രത്തിന് അതിഗംഭീര റിപ്പോർട്ടുകൾ ആണ് ലഭിക്കുന്നത്.സുരേഷ് ഗോപിയും ശോഭനയും ഏറെ ക്കാലത്തിനുശേഷം ഒരുമിച്ച് അഭിനയിക്കുന്ന ചിത്രം കൂടിയാണ് വരനെ ആവശ്യമുണ്ട് . ചിത്രത്തിന്റെ ഏറ്റവും വലിയ ഹൈലൈറ്റും ഇത് തന്നെ. ചെന്നൈയിലെ ഒരു അപ്പാർട്ട്മെന്റ് കോംപ്ലെക്സിലെ കുറച്ചു കഥാപാത്രങ്ങളിലൂടെയാണ് ചിത്രം സഞ്ചരിക്കുന്നത്. അവിടെ താമസമാക്കിയ നീന ഒരു സിംഗിൾ മദറും ഫ്രഞ്ച് അധ്യാപികയും കൂടിയാണ്. നീനയുടെ മകളാണ് നിക്കി എന്ന് വിളിക്കുന്ന നിഖിത. അറേഞ്ചഡ് വിവാഹത്തിനോട് മാത്രമേ നിഖിതക്ക് താല്പര്യമുള്ളൂ. അവരുടെ ഇടയിലേക്കാണ് ഇനിയും സർജിക്കൽ സ്ട്രൈക്കിന് ബാല്യം ബാക്കിയുണ്ടെന്ന് സ്വയം വിശ്വസിക്കുന്ന മേജർ ഉണ്ണികൃഷ്ണന്റെ വരവ്. പക്ഷേ ഒരു വിവാഹ ചടങ്ങിനെത്തിയാൽ പോലും മുട്ടിടിക്കുന്ന ആള് കൂടിയാണ് മേജർ. അതോടൊപ്പം തന്നെ ഫ്രോഡ് എന്ന വിളിപ്പേരുള്ള ഒരു യുവാവും അവിടെ താമസക്കാരനാകുന്നു. ഇവരുടെ ജീവിതത്തിൽ നടക്കുന്ന കൊച്ചു കൊച്ചു സംഭവങ്ങൾ രസകരമായി അവതരിപ്പിച്ചിരിക്കുന്ന ചിത്രമാണ് വരനെ ആവശ്യമുണ്ട്.