തമിഴിലും തെലുങ്കിലും മലയാളത്തിലും ഹിന്ദിയിലും ചുരുങ്ങിയ കാലം കൊണ്ട് അഭിനയിച്ച് പ്രേക്ഷകരുടെ ഇഷ്ടം ഏറ്റുവാങ്ങിയ താരമാണ് വിജയ് സേതുപതി. ഇന്ത്യൻ സിനിമയിലെ തന്നെ പുതു തലമുറയിലെ മികച്ച നടന്മാരിൽ ഒരാളായി മാറിയ വിജയ് സേതുപതി ഒരു വർഷം തന്നെ പല ചിത്രങ്ങളിൽ അഭിനയിക്കുകയും അതെല്ലാം സ്വാഭാവിക അഭിനയം ആക്കി മാറ്റുന്നതിൽ വിജയിക്കുകയും ചെയ്യുന്നു. തമിഴ് ലോകത്തെ തന്റെ ഏറ്റവും പ്രിയപ്പെട്ട നടൻ ആരാണെന്ന് ഇപ്പോൾ വ്യക്തമാക്കുകയാണ് മലയാളികളുടെ യുവതാരം ദുൽഖർ സൽമാൻ.
താൻ അഭിനയം നോക്കി പഠിക്കാൻ ആഗ്രഹിക്കുന്ന ഒരു വ്യക്തിയാണ് വിജയസേതുപതി എന്നും ഒരു ചിത്രത്തിൽ അഭിനയിക്കുമ്പോൾ അതിഥി വേഷം ആണെങ്കിൽ കൂടി തന്റെ സ്വാഭാവിക അഭിനയത്തിലൂടെ ആ ചിത്രത്തെ ഉയർത്തുവാനുള്ള കഴിവ് അദ്ദേഹത്തിന് ഉണ്ടെന്നും ദുൽഖർ പറയുന്നു. കണ്ണും കണ്ണും കൊള്ളയ് അടിത്താൽ എന്ന തന്റെ പുതിയ തമിഴ് ചിത്രത്തിന്റെ പ്രമോഷന്റെ ഭാഗമായി സൺ ടിവിയുടെ വണക്കം തമിഴ എന്ന പരിപാടിയിൽ സംസാരിക്കവെ ആണ് ദുൽഖർ ഇതു തുറന്നു പറഞ്ഞത്. ദുൽഖർ ആദ്യമായി നിർമ്മിച്ച ചിത്രമാണ് വരനെ ആവശ്യമുണ്ട്. സുരേഷ് ഗോപി, ശോഭന, കല്യാണി പ്രിയദർശൻ ഇങ്ങനെ ഒരു വൻ താരനിര അണിനിരന്ന ചിത്രം സൂപ്പർ ഹിറ്റായി മാറിയിരുന്നു. ഈദ് റിലീസായി എത്തുന്ന കുറുപ്പ് ആണ് ഇനി ദുൽഖറിന്റേതായി റിലീസ് ചെയ്യാനുള്ളത്.