റാം ചിത്രം പേരന്‍പിലെ മമ്മൂട്ടിയുടെ പ്രകടനത്തെ വാഴ്ത്തി മമ്മൂട്ടിയുടെ മകനും യുവനടനുമായ ദുല്‍ഖര്‍ സല്മാന്. ഒരു കുട്ടിയുടെ ഉത്സാഹം എന്നാണ് പേരന്‍പിലെ മമ്മൂട്ടിയൂടെ പ്രകടനത്തെ ദുല്‍ഖര്‍ വിശേഷിപ്പിച്ചത്. സിനിമയോട് വാപ്പച്ചിക്കുള്ള ഒരിക്കലും അടങ്ങാത്ത ആഗ്രഹവും അഭിനിവേശവും പേരന്പില് കാണാം എന്നും ദുല്‍ഖര്‍ സോഷ്യല്‍ മീഡിയയില്‍ കുറിച്ചിട്ടുണ്ട്.
സിനിമയെന്ന കലയോടുള്ള അദ്ദേഹത്തിന്റെ ഒരിക്കലും അടങ്ങാത്ത ആഗ്രഹത്തെയും അഭിനിവേശത്തെയും അഭിനന്ദിക്കേണ്ടതാണെന്നും ഫെയ്സ്ബുക്കില്‍ പങ്കുവെച്ച കുറിപ്പില്‍ ദുല്‍ഖര്‍ പറഞ്ഞു. അമുദവന് എന്ന ടാക്സി ഡൈവ്രറിന്റെയും സ്പാസ്റ്റിക് പരാലിസിസ് എന്ന സവിശേഷ ശാരീരിക, മാനസിക അവസ്ഥയിലൂടെ സഞ്ചരിക്കുന്ന മകളുടെയും ജീവിതമാണ് പേരന്പ് അവതരിപ്പിക്കുന്നത്.
മമ്മൂട്ടി അമുദവനായെത്തിയപ്പോള്‍ മകളായി വേഷമിട്ടത് തങ്കമീന്‍കളിലൂടെ സിനിമയില്‍ അരങ്ങേറ്റം കുറിച്ച സാധനയാണ്. സമുദ്രക്കനി, അഞ്ജലി, ട്രാന്‍സ്ജെന്‍ഡറായ അഞ്ജലി അമീര്‍ എന്നിവരും പ്രധാന വേഷത്തിലുണ്ട്. യുവാന്‍ ശങ്കര്‍ രാജയാണ് ചിത്രത്തിന് സംഗീതമൊരുക്കിയിരിക്കുന്നത്.