ദുൽഖറിന്റെ ഒരു മലയാള ചിത്രത്തിനായുള്ള കാത്തിരിപ്പിന് 566 ദിനങ്ങൾ പിന്നിടുന്ന ഏപ്രിൽ 25ഓടെ ഒരു യമണ്ടൻ പ്രേമകഥ തീയറ്ററുകളിൽ എത്തുമെന്നാണ് റിപ്പോർട്ടുകൾ. അമർ അക്ബർ അന്തോണി, കട്ടപ്പനയിലെ ഹൃതിക് റോഷൻ എന്നീ ചിത്രങ്ങൾക്ക് ശേഷം ബിബിൻ ജോർജ് – വിഷ്ണു ഉണ്ണികൃഷ്ണൻ കൂട്ടുകെട്ട് തിരക്കഥയൊരുക്കുന്ന ചിത്രത്തിന്റെ സംവിധാനം നവാഗതനായ ബി സി നൗഫലാണ്. ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ നാളെ വൈകിട്ട് 6 മണിക്കെത്തും.
ബിജോയ് നമ്പ്യാർ ഒരുക്കിയ സോളോയാണ് ദുൽക്കറിന്റേതായി റിലീസ് ചെയ്ത അവസാനമലയാള ചിത്രം. 2017 ഒക്ടോബർ 5 നായിരുന്നു സോളോ റിലീസ് ചെയ്തത്. സംയുക്ത മേനോന്, നിഖില വിമൽ എന്നിവരാണ് ചിത്രത്തില്‍ നായികമാരായി എത്തുന്നത്. സൗബിന് ഷാഹിര്‍, രമേശ് പിഷാരടി, ധര്മജന് ബോള്‍ഗാട്ടി, സലിം കുമാര്‍, തിരക്കഥാകൃത്തുക്കളായ വിഷ്ണു ഉണ്ണികൃഷ്ണന്, ബിബിന്‍ ജോര്‍ജ് എന്നിവരാണ് ചിത്രത്തിലെ മറ്റ് അഭിനേതാക്കള്‍. ആന്റോ ജോസഫ് നിർമിക്കുന്ന ചിത്രത്തിന്റെ സംഗീത സംവിധാനം നാദിർഷയാണ്. ഛായാഗ്രഹണം സുകുമാറും എഡിറ്റിങ്ങ് ജോണ്‍ കുട്ടിയും നിര്‍വഹിക്കുന്നു.