ആമസോണ്‍ പ്രൈം ഒ ടി ടി റിലീസ് ചെയ്ത ‘കുരുതി’ എന്ന ചത്രത്തെ പരിഹസിച്ച് പൊതുജനാരോഗ്യ വിദഗ്ദ്ധന് ഡോ.ബി ഇക്ബാല്‍. ‘കുരുതി” തീവ്ര ആഭാസമാണെന്നും നമ്മുടെ ആക്ഷന്‍ ഹീറോകളുടെ ഒ ടി ടി സിനിമകളുള്ളിടത്തോളം കാലം കോവിഡ് മഹാമാരിയെത്ര സഹനീയമെന്ന് പ്രേക്ഷകര്‍ ആശ്വാസത്തോടെ തിരിച്ചറിഞ്ഞ് ആഹ്ളാദിക്കുന്നുവെന്നും ഡോ.ഇക്ബാല്‍ തന്റെ ഫെയ്സ്ബുക്കില്‍ കുറിച്ചു.
ഡോ.ബി ഇക്ബാലിന്റെ വാക്കുകളിലൂടെ:-
ഒരു ആമസോണ്‍ പ്രൈം ഒ ടി ടി ”കുരുതി” (സംക്ഷിപ്തം)
ഒരു വയോജന തീവ്രവാദിയെ യുവ തീവ്രവാദി ശരിപ്പെടുത്തുന്നു. ക്രമസമാധാന പരിപാലനത്തിനായെത്തുന്ന ഭരണകൂടഭീകരതയുടെ പ്രതിനിധിയെ മറ്റൊരു തീവ്രവാദി വകവരുത്തുന്നു. ഒരുമിച്ച് സ്നേഹത്തോടെ കഴിഞ്ഞിരുന്ന വിവിധവിഭാഗത്തില്‍ പെട്ട മനുഷ്യര്‍ അതിവേഗം തീവ്രവാദികളായി പരിവര്‍ത്തനം ചെയ്യപ്പെട്ട് തീപ്പന്തം, നാടന്‍തോക്ക്, പിച്ചാക്കത്തി, കടന്നല് കൂട് തുടങ്ങിയവ ഉപയോഗിച്ച് അന്യോന്യം ആക്രമിക്കുന്നു. തീവവാദികള്‍ ഇരുചേരികളായി പിരിഞ്ഞ് മോട്ടോസൈക്കിളിലും ജീപ്പിലുമായി വനമധ്യത്തിലൂടെ ഹോളിവുഡ് സിനിമകളെ അതിശയിക്കുന്ന മരണപാച്ചില്‍ നടത്തുന്നു. അവസാനം കുത്തും വെട്ടുമെല്ലാം കഴിഞ്ഞ് ഏതാനും സമ്മിശ്ര തീവ്രവാദികള്‍ ഹാരപ്പ, മോഹന്‍ ജദാരോ തുടങ്ങിയ നദീതട സംസ്കാരങ്ങളെ അനുസ്മരിപ്പിച്ച് കൊണ്ട് കാനനചോലയുടെയും വനഭംഗിയുടെയും പശ്ചാത്തലത്തില്‍ പാറപ്പുറത്ത് മലര്‍ന്നും ചരിഞ്ഞും കിടന്ന് പുണ്യഗ്രന്ഥങ്ങള്‍ ഉദ്ധരിച്ച് തത്വചിന്തകള്‍ പങ്കിടുന്നു.
ലാസ്റ്റില് എ പ്ലസ് പ്ലസ്, എന്‍ട്രന്‍സ് പരീക്ഷ, ഐ എ എസ് കോച്ചിങ്ങ്, മൊബൈല്‍ ആസക്തി എന്നിവയില്‍ അഭിരമിക്കുന്നവരായി നമ്മള് തെറ്റിദ്ധരിക്കുന്ന യുവജനങ്ങളുടെ പ്രതിനിധികളായ പേനാക്കത്തിയേന്തിയ യുവാവും തീവ്രവാദിയുടെ മര്‍ദ്ദനമേറ്റ് കൈയൊടിഞ്ഞ യുവാവും കളകളാരവം മുഴക്കി ശാന്തമായി ഒഴുകുന്ന പുഴയുടെ മുകളിലുള്ള തൂക്കുപാലത്തില്‍ വച്ച് സന്ധിക്കുന്നു. കാണികളുടെ മനോമുകരത്തിലേക്ക് ഹോളിവുണ്ട് ചിത്രമായ ബ്രിഡ്ജ് ഓണ്‍ ദി റിവര്‍ ക്വായ് (The Bridge on the River Kwai ) കടന്ന് വരുന്നു. (ചില പ്രേക്ഷകര്‍ ”കുരുതി- രണ്ട്” റിലീസ് ചെയ്യപ്പെടാനുള്ള സാധ്യതയോര്‍ത്ത് ഞെട്ടുന്നു.)
മനുഷ്യരുടെ സ്ഥായിയായ വികാരം ”വെറുപ്പാണെന്ന്’ ഉറക്കെ പ്രഖ്യാപിച്ച് കൊണ്ട് ആമസോണ്‍ പ്രൈം ”കുരുതി” തീവ്ര ആഭാസം അവസാനിക്കുന്നു.
നമ്മുടെ ആക്ഷന്‍ ഹീറോകളുടെ ഒ ടി ടി സിനിമകളുള്ളിടത്തോളം കാലം കോവിഡ് മഹാമാരിയെത്ര സഹനീയമെന്ന് പ്രേക്ഷകര്‍ ആശ്വാസത്തോടെ തിരിച്ചറിഞ്ഞ് ആഹ്ളാദിക്കുന്നു… എല്ലാം ശുംഭമായി പര്യവസാനിക്കുന്നു. ശേഷം അടുത്ത ഒ ടി ടി വെള്ളിത്തിരയില്‍.