കൊവിഡ് പ്രതിസന്ധിയുടെ കാലം ഇന്ത്യന്‍ സിനിമയ്ക്കും പ്രതിസന്ധിയുടെ കാലമായിരുന്നു. തീയേറ്ററുകളിലും ഒടിടി പ്ലാറ്റ്ഫോമുകളിലുമായി ഒട്ടേറെ ചിത്രങ്ങള്‍ റിലീസ് ചെയ്യുകയും മികച്ച വിജയവും നേടിയിരുന്നു. അങ്ങനെ മലയാള സിനിമക്ക് ആഗോളതലത്തിൽ തന്നെ ഏറെ ശ്രദ്ധ നേടിക്കൊടുത്ത ചിത്രമാണ് മോഹൻലാൽ നായകനായ ദൃശ്യം 2. മോഹന്‍ലാല്‍ – ജീത്തു ജോസഫ് ബ്ലോക്ക്ബസ്റ്റര്‍ ചിത്രം ദൃശ്യത്തിന്റെ രണ്ടാം ഭാഗമായ ദൃശ്യം 2 ആദ്യ ഭാഗത്തോട് സമ്പൂര്‍ണ നീതി പുലര്‍ത്തിയെന്ന കാര്യത്തിൽ ആർക്കും യാതൊരു സംശയവുമില്ല.
ആശിര്‍വാദ് സിനിമാസിന്റെ ബാനറില്‍ ആന്റണി പെരുമ്പാവൂരാണ് ചിത്രം നിര്‍മിച്ചിരിക്കുന്നത്. മോഹന്‍ലാല്‍, മീന, സിദ്ദിഖ്, മുരളീ ഗോപി, ആശ ശരത്ത്, ഗണേഷ് കുമാര്‍ തുടങ്ങിയവരാണ് ചിത്രത്തില്‍ അഭിനയിച്ചിരിക്കുന്നത്. കോവിഡ് പ്രതിസന്ധി മൂലമാണ് ദൃശ്യം 2 ഒടിടി റിലീസാക്കാന്‍ നിര്‍മാതാക്കള്‍ തീരുമാനിച്ചത്. ഇപ്പോഴിതാ പുതിയൊരു നേട്ടം ചിത്രത്തെ തേടിയെത്തിയിരിക്കുകയാണ്. 2021 അവസാനിക്കുമ്പോൾ ഇന്ത്യയിൽ ഏറ്റവും കൂടുതൽ സെർച്ച് ചെയ്യപ്പെട്ട മലയാള സിനിമ എന്ന നേട്ടം ദൃശ്യം 2 കൈവരിച്ചിരിക്കുകയാണ്.
ഇന്ത്യയിൽ ഏറ്റവുമധികം സെർച്ച് ചെയ്ത സിനിമകളുടെ ലിസ്റ്റിൽ ഒൻപതാം സ്ഥാനത്താണ് ദൃശ്യം 2. ആ ലിസ്റ്റിലുള്ള ഏക മലയാള സിനിമ കൂടിയാണിത്. ജയ് ഭീം, ഷേർഷാ, രാധേ, ബെൽബോട്ടം, ഇറ്റേണൽസ്, മാസ്റ്റർ, സൂര്യവംശി, ഗോഡ്സില്ല വേഴ്സസ് കോങ്ങ് എന്നിവയാണ് ദൃശ്യം 2വിന് മുകളിലുള്ള ചിത്രങ്ങൾ. ഭുജ് ദി പ്രൈഡ് ഓഫ് ഇന്ത്യയാണ് പത്താം സ്ഥാനത്ത്.