ഇന്നലെ ആമസോൺ പ്രൈമിൽ റിലീസായ മോഹൻലാൽ – ജീത്തു ജോസഫ് ചിത്രം വളരെ മികച്ച പ്രതികരണമാണ് നേടിക്കൊണ്ടിരിക്കുന്നത്. ആദ്യഭാഗത്തോട് നൂറ് ശതമാനം നീതി പുലർത്തിയ ചിത്രത്തിലെ താരം തിരക്കഥ ആണെങ്കിലും മോഹൻലാലിൻറെ അഭിനയത്തിനും നൂറിൽ നൂറ് മാർക്കാണ് പ്രേക്ഷകർ നൽകിയിരിക്കുന്നത്. അതിനിടയിൽ ദൃശ്യം 2 പതിപ്പ് ടെലിഗ്രാമിൽ വന്നുവെന്ന റിപ്പോർട്ടിനെതിരെ പ്രതികരിച്ചിരിക്കുകയാണ് സംവിധായകൻ.
വ്യാജ പതിപ്പ് എത്തിയത് ദൗര്‍ഭാഗ്യകരമാണെന്നും ആമസോണ്‍ പ്രൈം അത് തടയുമെന്നാണ് പ്രതീക്ഷിക്കുന്നതെന്ന് സംവിധായകന് ജീത്തു ജോസഫ് ഏഷ്യാനെറ്റ് ന്യൂസിനോട് പ്രതികരിച്ചു. ചിത്രത്തിന് ലഭിക്കുന്ന മികച്ച അഭിപ്രായങ്ങള്‍ സന്തോഷിപ്പിക്കുന്നുവെന്നും ജീത്തു പറഞ്ഞു. ആദ്യ ഭാഗത്തേക്കാള്‍ മികച്ചതാണ് ദൃശ്യം 2 എന്ന പ്രേക്ഷകരുടെ പ്രതികരണങ്ങള്‍ തന്നെ ഞെട്ടിച്ചെന്നാണ് ജീത്തു പറയുന്നത്. നിലവിലെ സാഹചര്യങ്ങള്‍ കൊണ്ടാണ് ചിത്രം തിയേറ്ററില്‍ റിലീസ് ചെയ്യാന്‍ പറ്റാതെ പോയത്. തിയേറ്ററിലായിരുന്നെങ്കില്‍ ചിത്രം രണ്ടാഴ്ച നിറഞ്ഞോടും. പക്ഷേ ഫാമിലികള്‍ തിയേറ്ററുകളിലേക്ക് വരാന്‍ മടിക്കുമെന്നാണ് പല കുടുംബങ്ങളില്‍ നിന്നും ലഭിച്ച ഫീഡ്ബാക്ക്. അതാണ് ഒ.ടി.ടി റീലീസിന് കാരണമായതെന്നും ജീത്തു ജോസഫ് പറഞ്ഞു.