മീശ പിരിക്കലില്ല, മുണ്ട് മടക്കിക്കുത്തലില്ല, ത്രസിപ്പിക്കുന്ന ആക്ഷൻ രംഗങ്ങളില്ല.. പക്ഷേ മലയാളത്തിലെ ആദ്യ 50 കോടി ചിത്രമെന്ന റെക്കോർഡ് കരസ്ഥമാക്കുവാൻ മോഹൻലാൽ – ജീത്തു ജോസഫ് ചിത്രം ദൃശ്യത്തെ സഹായിച്ചത് തിരക്കഥ തന്നെയാണ്. മോഹന്‍ലാല്‍, മീന, അന്‍സിബ ഹസന്, ആശ ശരത്ത്, അനീഷ് ജി മേനോന്, ഷാജോണ്‍, നീരജ് മാധവ്, റോഷന് ബഷീര്‍, സിദ്ദിഖ് തുടങ്ങി വന്‍താരനിരയായിരുന്നു ഈ ചിത്രത്തില്‍ അണിനിരന്നത്. ആശീര്‍വാദ് സിനിമാസിന്റെ ബാനറില്‍ ആന്റണി പെരുമ്പാവൂരായിരുന്നു സിനിമ നിര്‍മ്മിച്ചത്. സുജിത്ത് വാസുദേവായിരുന്നു സിനിമാട്ടോഗ്രാഫി. 2013 ഡിസംബര്‍ 19നായിരുന്നു ഈ സിനിമ തിയേറ്ററുകളിലേക്കെത്തിയത്. വിനു തോമസാണ് ചിത്രത്തിന്റെ സംഗീതസംവിധാനം നിർവഹിച്ചിരിക്കുന്നത്. അനിൽ ജോൺസൺ ചിത്രത്തിന് പശ്ചാത്തലസംഗീതം ഒരുക്കിയിരിക്കുന്നു.
രാജാക്കാട് കേബിൾ ടി.വി. സ്ഥാപനം നടത്തുന്ന ജോർജുകുട്ടി ഒരു സിനിമാ പ്രേമിയാണ്. അനാഥനായ ജോർജുകുട്ടിക്ക് താങ്ങും തണലും ഭാര്യ റാണിയും മക്കളായ അഞ്ജുവും അനുവുമാണ്. തങ്ങളുടെ കാര്യം മാത്രം നോക്കി ജീവിക്കുന്ന ഈ നാലംഗ കുടുംബം അസാധാരണമായൊരു പ്രതിസന്ധിയിൽ പെടുന്നു. ജോർജുകുട്ടിയുടെ കൗമാരക്കാരിയായ മകൾ അഞ്ജു ഒരു കൊലപാതകത്തിനുത്തരവാദിയാകുന്നു. കൊല്ലപ്പെടുന്നത് പോലീസ് ഐ.ജിയുടെ മകനും. ആ കുറ്റകൃത്യത്തിൽ നിന്ന് ഭാര്യയേയും മക്കളേയും രക്ഷപ്പെടുത്താൻ നാലാം ക്ലാസ് വിദ്യാഭ്യാസം മാത്രമുള്ള ജോർജുകുട്ടി നടത്തുന്ന ബുദ്ധിപൂർവമായ നീക്കങ്ങളാണ് ചിത്രത്തിന്റെ ഇതിവൃത്തം. അപ്രതീക്ഷിത ക്ലൈമാക്സ് ട്വിസ്റ്റിനോടൊപ്പം കഥാപാത്രങ്ങളും കൈയ്യടികൾ നേടിയിരുന്നു. മോഹൻലാലിനൊപ്പം തന്നെ കൈയ്യടി നേടിയവരാണ് മകളായി അഭിനയിച്ച എസ്തേറും കോൺസ്റ്റബിൾ സഹദേവനായി അഭിനയിച്ച കലാഭവൻ ഷാജോണും.
നിരവധി ഭാഷകളിലേക്കാണ് ദൃശ്യം റീമേക്ക് ചെയ്യപ്പെട്ടത് എന്നത് തന്നെ ചിത്രത്തിന്റെ ക്വാളിറ്റിയെ മനസ്സിലാക്കിത്തരുന്നുണ്ട്. ദൃശ്യ എന്ന പേരിൽ കന്നഡയിലാണ് ആദ്യം ചിത്രം റീമേക്ക് ചെയ്യപ്പെട്ടത്. പിന്നീട് ദൃശ്യം എന്ന പേരിൽ തന്നെ തെലുങ്കിലും ഹിന്ദിയിലും ചിത്രം റീമേക്ക് ചെയ്യപ്പെട്ടു. പാപനാശം എന്ന പേരിൽ തമിഴിൽ റീമേക്ക് ചെയ്തത് ജീത്തു ജോസഫ് തന്നെയാണ്.
ധർമയുദ്ധായ എന്ന പേരിൽ സിംഹള ഭാഷയിലും റീമേക്ക് ചെയ്യപ്പെട്ട ചിത്രത്തിന്റെ ചൈനീസ് റീമേക്കായ ഷീപ്പ് വിതൗട്ട് എ ഷെപ്പേർഡ് റിലീസിന് ഒരുങ്ങുകയാണ്. 75 കോടിയിലേറെ കളക്ഷൻ നേടിയ ചിത്രം അന്നേ വരെ മലയാളത്തിൽ ഉണ്ടായിരുന്ന എല്ലാ കളക്ഷൻ റെക്കോർഡുകളും തിരുത്തി കുറിച്ചിരുന്നു. 6 വർഷങ്ങൾക്ക് ഇപ്പുറം റാം എന്ന പക്കാ ആക്ഷൻ ത്രില്ലറുമായി ജീത്തു ജോസഫും മോഹൻലാലും വീണ്ടുമൊന്നിക്കുന്നത് ആരാധകരെ കൂടുതൽ ആവേശം കൊള്ളിച്ചിരിക്കുകയാണ്.