കോവിഡ് ഭീതിയിൽ തീയറ്ററുകൾ അടച്ചുപ്പൂട്ടിയപ്പോൾ ബിഗ് സ്ക്രീൻ പ്രേക്ഷകർക്കാണ് ഏറ്റവും വലിയ നിരാശ അത് സമ്മാനിച്ചത്. തീയറ്റർ അനുഭവം കൊതിക്കുന്നവർക്ക് അത് ലഭിക്കുവാൻ ഇനിയുമേറെ കാത്തിരിക്കേണ്ടി വരും. എന്നാൽ ഒരു ആശ്വാസവാർത്ത ഇപ്പോൾ പുറത്ത് വന്നിരിക്കുകയാണ്. മലയാളികൾക്ക് അത്ര പരിചയമില്ലാത്ത ഡ്രൈവ് ഇൻ സിനിമ ഇനി കേരളത്തിലും എത്തുകയാണ്. ഇന്ത്യയിലെ പ്രശസ്ത ഓപ്പൺ എയർ സിനിമ ശൃംഖലയായ സൺസെറ്റ് സിനിമ ക്ലബ്ബാണ് ഈ സൗകര്യം കേരളത്തിലും ഒരുക്കുന്നത്
കൊച്ചിയിലെ ലെ മെറിഡിയൻ ഹോട്ടലിൽ ഒക്ടോബർ നാലിനാണ് ആദ്യ പ്രദർശനം നടത്തുന്നത്. ബോളിവുഡ് സൂപ്പർഹിറ്റ് ചിത്രം സിന്ദഗി നാ മിലേഗി ദൊബാരയാണ് പ്രദർശിപ്പിക്കുന്നത്. സൺസെറ്റ് സിനിമ ക്ലബ്ബിന്റെ ഒഫീഷ്യൽ സൈറ്റിൽ ടിക്കറ്റുകൾ ബുക്ക് ചെയ്യുവാൻ സാധിക്കും. ഡൽഹി, ഗുർഗാവ്, മുംബൈ, ബാംഗ്ലൂർ, പൂനെ, ഡെറാഡൂൺ തുടങ്ങിയ സ്ഥലങ്ങളിലും സൺസെറ്റ് സിനിമ ക്ലബ്ബ് ഡ്രൈവ് ഇൻ പ്രദർശനം നടത്തുന്നുണ്ട്.