നടി ആക്രമിക്കപ്പെട്ട കേസിൽ നടൻ ദിലീപിന്റെ ഡ്രൈവർ കൂറുമാറി എതിർപക്ഷത്ത് ചേർന്നു. കേസിലെ നിർണായകസാക്ഷിയായ ഡ്രൈവർ അപ്പുണ്ണിയാണ് കൂറുമാറി പ്രതിഭാഗത്ത് ചേർന്നത്. കൂറു മാറിയ സാഹചര്യത്തിൽ ഇയാളെ പ്രോസിക്യൂഷൻ ബുധനാഴ്ച ക്രോസ് വിസ്താരം നടത്തി. സാക്ഷി വിസ്താരം കഴിഞ്ഞയാഴ്ച തുടങ്ങിയിരുന്നു. ഇത് ശനിയാഴ്ച വരെ തുടരും. ഇതുവരെ 180 സാക്ഷികളുടെ വിസ്താരമാണ് കേസിൽ പൂർത്തിയാക്കിയിരിക്കുന്നത്. കേസിൽ നടൻ ദിലീപ് എട്ടാം പ്രതിയാണ്. ദിലീപ് ഉൾപ്പെടെ ഒമ്പത് പ്രതികളുടെ വിസ്താരം അവസാനഘട്ടത്തിൽ എത്തിയിരിക്കുകയാണ്.
കേസുമായി ബന്ധപ്പെട്ട് നേരത്തെ നടി കാവ്യ മാധവനും കൂറു മാറിയിരുന്നു. കേസിൽ മുപ്പത്തിനാലാം സാക്ഷി ആയിരുന്നു കാവ്യ. അക്രമത്തിന് ഇരയായ നടിയോട് ദിലീപിന് ശത്രുതയുണ്ടെന്ന പ്രോസിക്യൂഷൻ വാദത്തെ സാധൂകരിക്കാനാണ് കാവ്യയെ സാക്ഷിപ്പട്ടികയിൽ ഉൾപ്പെടുത്തിയത്. ചലച്ചിത്ര രംഗത്തെ സംഘടനയായ അമ്മയുടെ സ്റ്റേജ്ഷോയുടെ റിഹേഴ്സല്‍ ക്യാംപ് നടന്ന സമയത്ത് നടിയും ദിലീപും തമ്മിൽ വാക്കുതർക്കം ഉണ്ടായിരുന്നെന്നും ആ സമയത്ത് ഒപ്പം കാവ്യ ഉണ്ടായിരുന്നതായും മൊഴി ലഭിച്ചിരുന്നു.
2017 ഫെബ്രുവരിയിലാണ് തൃശൂരിൽ നിന്ന് എറണാകുളത്തേക്കുള്ള യാത്രയ്ക്കിടെ നെടുമ്പാശേരിക്ക് സമീപം അത്താണിയിൽ വെച്ച് നടി ആക്രമിക്കപ്പെട്ടു എന്നാണ് കേസ്. ഫെബ്രുവരി പതിനേഴിന് ആയിരുന്നു കേസിന് ആസ്പദമായ സംഭവങ്ങൾ. പൾസർ സുനി എന്ന ക്രിമിനൽ ഉൾപ്പെടെയുള്ള അക്രമിസംഘം നടിയുമായി കാറിൽ ഒരു മണിക്കൂറിലധികം കറങ്ങിയിരുന്നു. ഇതിനിടെ സംഘം നടിയ ക്രൂരമായി ഉപദ്രവിച്ചെന്നും ദൃശ്യങ്ങൾ മൊബൈൽ ഫോണിൽ പകർത്തിയെന്നും അതിനുശേഷം വാഹനം ഉപേക്ഷിച്ച് കടന്നു കളഞ്ഞെന്നുമാണ് പ്രോസിക്യൂഷൻ കേസ്.