പത്തുവർഷം മുമ്പ് ജീത്തു ജോസഫും മോഹൻലാലും ഒരുമിച്ചപ്പോൾ മലയാളത്തിന് കിട്ടിയ നിധി ആയിരുന്നു ദൃശ്യം. വീണ്ടും പത്തു വർഷത്തിനു ശേഷം മോഹൻലാലും ജീത്തു ജോസഫും കൈ കോർത്തപ്പോൾ ‘നേര്’ എന്ന സൂപ്പർഹിറ്റ് പടം പിറന്നിരിക്കുകയാണ്.ക്രിസ്മസ് റിലീസ് ആയി എത്തിയ ചിത്രം ഡിസംബർ 21നാണ് തിയറ്ററുകളിൽ എത്തിയത്. ആരാധകർ ഗംഭീര വരവേൽപ്പ് നൽകിയ ‘നേര്’ മോഹൻലാലിന്റെ അതുല്യമായ തിരിച്ചുവരവ് കൂടിയായി.
‘നേര്’ സിനിമയിലെ ദൃശ്യം റഫറൻസ് ആണ് ഇപ്പോൾ ചർച്ചയാകുന്നത്. നേരിലെ മോഹൻലാലിന്റെ കഥാപാത്രത്തിന്റെ സഹായി ആണ് ദൃശ്യം റഫറൻസ് നൽകുന്നത്. ക്രൈം മറച്ചു വയ്ക്കാൻ ദൃശ്യം കഥയില്‍ നായകൻ ബുദ്ധിപൂര്‍വം കാട്ടുന്ന ശ്രമങ്ങളില്‍ ഒന്നാണ് നേരിലെ മോഹൻലാലിന്റെ കഥാപാത്രത്തിന്റെ സഹായി സൂചിപ്പിക്കുന്നത്. അക്കാര്യം സൂചിപ്പിക്കുമ്പോൾ മോഹൻലാൽ ഒരു നോട്ടം നോക്കുന്നുണ്ട്. ആ നോട്ടത്തെയും ഏറ്റെടുത്തിരിക്കുകയാണ് ആരാധകർ. ദൃശ്യം റഫറൻസ് നടത്തുന്ന സമയത്ത് മോഹൻലാൽ നോക്കുന്ന നോട്ടത്തെ വളരെ ആവേശത്തോടെയാണ് സോഷ്യൽ മീഡിയയിൽ ആരാധകർ കൊണ്ടാടുന്നത്.
നേര് സിനിമയിൽ സസ്പെൻസ് ഇല്ലെന്നും ആരും സസ്പെൻസ് പ്രതീക്ഷിച്ച് വരേണ്ടതില്ലെന്നും അങ്ങനെ പോയാൽ നിരാശ ആയിരിക്കും ഫലമെന്നും ജീത്തു ജോസഫ് നേരത്തെ വ്യക്തമാക്കിയിരുന്നു. സിനിമ കണ്ടവരും അക്കാര്യം വ്യക്തമാക്കുകയാണ്. പതിമൂന്ന് വര്‍ഷങ്ങള്‍ക്ക് ശേഷം മോഹന്‍ലാല്‍ വക്കീല്‍ വേഷത്തില്‍ എത്തിയ ചിത്രമാണ് നേര്. സിദ്ദിഖ്, പ്രിയാമണി, ജഗദീഷ്, അനശ്വര രാജൻ, ശാന്തി മായാദേവി, ഗണേഷ് കുമാർ എന്നിവരാണ് ചിത്രത്തിൽ മറ്റ് പ്രധാനപ്പെട്ട കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ശാന്തി മായാദേവിയാണ് നേരിന്റെ തിരക്കഥ രചിച്ചിരിക്കുന്നത്. ജീത്തു ജോസഫ് ആവശ്യപ്പെട്ടത് അനുസരിച്ചാണ് ശാന്തി തിരക്കഥ ഒരുക്കിയത്. സതീഷ് കുറുപ്പ് ആണ് ചിത്രത്തിന്റെ ഛായാഗ്രഹണം. ‘നീതി തേടുന്നു’ എന്നാണ് ഈ മോഹന്‍ലാല്‍ ചിത്രത്തിന്റെ ടാഗ് ലൈന്‍. വിഷ്ണു ശ്യാം ആണ് ചിത്രത്തിന്റെ സംഗീതസംവിധാനം നിർവഹിക്കുന്നത്.