വർഷങ്ങളായി മലയാളി കേൾക്കുന്ന ചലച്ചിത്ര രംഗത്തെ പല ശബ്ദങ്ങൾക്കും പിന്നിലൂടെ പ്രേക്ഷകരുടെ പ്രിയങ്കരിയാണ് ഭാഗ്യലക്ഷ്മി. സാമൂഹിക പ്രാധാന്യമുള്ള വിഷയങ്ങളിലും തന്റെ ശബ്ദം ഉയർത്തുന്ന ഭാഗ്യലക്ഷ്മിയുടെ പുതിയ പ്രവർത്തി ഏവരെയും അമ്പരപ്പിച്ചിരിക്കുക മാത്രമല്ല ചെയ്തിരിക്കുന്നത്. ഒരു പ്രചോദനം കൂടിയാണ് പകർന്നിരിക്കുന്നത്. കാൻസർ രോഗബാധിതർക്കായി തന്റെ നീളമേറിയ തലമുടി ദാനം ചെയ്തിരിക്കുകയാണ് ഭാഗ്യലക്ഷ്മി. ലോക കാൻസർ ദിനത്തിൽ തന്നെയാണ് ഇത്തരം ഒരു പ്രവൃത്തി ഭാഗ്യലക്ഷ്മി ചെയ്തിരിക്കുന്നത് എന്നതും ശ്രദ്ധേയമാണ്.
ഒരുപാട് കാലമായി തലമുടി ദാനം ചെയ്യണമെന്ന് വിചാരിക്കുന്നുണ്ട്. പക്ഷെ പലരോടും ഇതിനെക്കുറിച്ച് പറയുമ്പോൾ ചേച്ചിക്ക് തലമുടിയുള്ളതാണ് ഭംഗി, വെട്ടിക്കളയരുതെന്നൊക്കെ പറയും. തലമുടി പിന്നിയിടുമ്പോഴും അഴിച്ചിടുന്നതാണ് നല്ലതെന്ന് പലരും അഭിപ്രായപ്പെടും. ഇതൊക്കെ കേട്ടുകഴിയുമ്പോൾ തലമുടി മുറിക്കാനുള്ള തീരുമാനത്തിൽ നിന്നും പിൻവലിയും. ഇത്തവണ പക്ഷെ ആരോടും അഭിപ്രായം ചോദിക്കാൻ പോയില്ല.
കാൻസർ ബോധവത്കരണ പരിപാടിയിൽ മുഖ്യാതിഥി ആയാണ് ഞാൻ പോയത്. അവിടെ ചെന്നിട്ടാണ് അവരോട് ഞാൻ തലമുടി ദാനം ചെയ്യാൻ തയാറാണെന്ന് പറയുന്നത്. വെറുതെ പറച്ചിൽകൊണ്ടുമാത്രം കാര്യമില്ലല്ലോ, പ്രവർത്തിക്കുകയും വേണ്ടേ. എന്റെ വീട്ടിൽ രണ്ടു മൂന്ന് കാൻസർ രോഗികളുണ്ടായിരുന്നു. എന്റെ അമ്മയ്ക്ക് കാൻസറായിരുന്നു. അന്ന് തലമുടി പോയപ്പോൾ അമ്മയുടെ വിഷമം ഞാൻ കണ്ടതാണ്. കാൻസർ രോഗികളുടെ മാനസികപ്രയാസം എനിക്ക് അറിയാം.
ഞാന് ആ പരിപാടിയിൽ ചെന്നപ്പോൾ തലമുടി ദാനം ചെയ്യാനായി ആദ്യം എത്തിയത് ഒന്നാം ക്ലാസിൽ പഠിക്കുന്ന ഒരു കുട്ടിയാണ്. ആ കുട്ടിയ്ക്ക് ഇല്ലാത്ത വിഷമം അമ്പത് വയസായ എനിക്ക് എന്തിനാണ്. തലമുടി ദാനം ചെയ്തതിൽ എനിക്കൊരു വിഷമവുമില്ല. ഇത്രയെങ്കിലും ചെയ്യാൻ സാധിച്ചല്ലോയെന്ന സന്തോഷമേയുള്ളൂ. ഭാവിയിൽ കിഡ്നി കൂടി ദാനം ചെയ്താൽ കൊള്ളാമെന്നുണ്ട്.