ദുൽഖർ സൽമാനെ നായകനാക്കി ശ്രീനാഥ് രാജേന്ദ്രൻ സംവിധാനം ചെയ്ത സിനിമ ‘കുറുപ്പി’ന്റെ വിജയം ഭിന്നശേഷിക്കാരായ കുട്ടികൾക്കൊപ്പം ആഘോഷിച്ച് ദുൽഖർ ഫാൻസ് അസോസിയേഷൻ. ദുൽഖർ സൽമാൻ മണ്ണാർക്കാട് ഫാൻസ് അസോസിയേഷനാണ് വ്യത്യസ്തമായ രീതിയിൽ വിജയം ആഘോഷിച്ചത്. ഭിന്നശേഷിക്കാരായ കുട്ടികൾക്കൊപ്പം കേക്ക് മുറിച്ചും കലാപരിപാടികൾ അവതരിപ്പിച്ചുമാണ് ചിത്രം അമ്പതു കോടി കളക്ട് ചെയ്തതിന്റെ വിജയം ആഘോഷിച്ചത്. കുട്ടികൾക്ക് ഭക്ഷണവും നൽകി. തുടർന്ന് കുട്ടികൾക്ക് സിനിമ കാണണമെന്ന ആവശ്യം ദുൽഖർ പ്രൊഡക്ഷൻ ടീമിനെ അറിയിക്കുകയായിരുന്നു. ഫെയ്ത്ത് ഇന്ത്യയിലെ അധ്യാപകരടക്കം 70 പേർക്കാണ് ഇന്ന് മണ്ണാർക്കാട് ദുൽഖർ ഫാൻസ് സിനിമ കാണുന്നതിനുള്ള അവസരം ഒരുക്കിയത്.
‘ഫെയ്ത്ത് ഇന്ത്യ സ്കൂളിലും എലുമ്പിലാശ്ശേരി ദാക്ഷായണി ബാലാശ്രമത്തിലും പരിപാടി നടത്തിയതാണ്. നമ്മൾ പരിപാടി നടത്തിയപ്പോഴാണ് മൂവി കാണണമെന്നുള്ള ആവശ്യം അവർ ഉന്നയിച്ചത്. അതിന്റെ ഭാഗമായിട്ടാണ് എഴുപതോളം വരുന്ന കുട്ടികളെയും അധ്യാപകരെയും ഷോയ്ക്ക് കൊണ്ടുവന്നത്’ – മണ്ണാർക്കാട് ദുൽഖർ സൽമാൻ ഫാൻസ് അസോസിയേഷൻ പ്രതിനിധി മണ്ണാർക്കാട് ലൈവിനോട് സംസാരിക്കവെ പറഞ്ഞു.
‘ഞങ്ങളുടെ കുട്ടികളെ സൊസൈറ്റി അംഗീകരിക്കുന്നതിന്റെ ഭാഗമായാണ് ഞങ്ങൾ ഇത് ഏറ്റെടുത്തിരിക്കുന്നത്. കോവിഡ് കഴിഞ്ഞ സമയത്ത് കുട്ടികൾക്ക് കിട്ടിയ നല്ലൊരു എന്റർടയിൻമെന്റാണ്. കുട്ടികൾ എല്ലാവരും ഇത് നന്നായി ആസ്വദിച്ചു.’ – അധ്യാപകരിൽ ഒരാൾ സന്തോഷം പങ്കുവെച്ചു. പതിനേഴു വർഷമായി സിനിമ കാണാത്ത ഒരു സ്റ്റാഫ് അവരുടെ മകനെയും കൊണ്ട് സിനിമ കാണാനെത്തിയത് സംഘാടകരുടെ കണ്ണ് നനയിച്ചു. സിനിമ കണ്ട കുട്ടികൾ സൂപ്പർ സിനിമ’യാണ് കുറുപ് എന്ന് പറയുകയും ചെയ്തു.