പാൻ ഇന്ത്യൻ സൂപ്പർസ്റ്റാർ ദുൽഖർ സൽമാൻ പങ്ക് വെച്ച ഒരു സർപ്രൈസ് വീഡിയോ ഇപ്പോൾ ആരാധകരെയും പ്രേക്ഷകരേയും ഒരേപോലെ ആകാംക്ഷയിൽ നിർത്തിയിരിക്കുകയാണ്. ലക്ഷ്വറി കാറിൽ സ്റ്റൈലിഷ് ലുക്കിൽ സ്വന്തമായി ഡ്രൈവ് ചെയ്തു പോകുന്ന ദുൽഖറിനെയാണ് ടീസറിൽ കാണുവാൻ സാധിക്കുന്നത്. മാർച്ച് 25 വൈകിട്ട് ആറ് മണി വരെ കാത്തിരിക്കുവാനാണ് ടീസറിൽ ആവശ്യപ്പെട്ടിരിക്കുന്നത്. പുതിയ ഏതെങ്കിലും ചിത്രത്തിന്റെ അന്നൗൻസ്മെന്റാണോ എന്ന ആകാംക്ഷയിലാണ് ആരാധകർ.
സല്യൂട്ട്, കുറുപ്പ്, ഹേയ് സിനാമിക എന്നിവയാണ് അവസാനമായി പ്രേക്ഷകരിലേക്ക് എത്തിയ ദുൽഖർ സൽമാൻ ചിത്രങ്ങൾ. റോഷൻ ആൻഡ്രൂസ് – ബോബി സഞ്ജയ് കൂട്ടുകെട്ടിലെ ആദ്യ ദുൽഖർ ചിത്രമാണ് സല്യൂട്ട്. വേഫറെർ ഫിലിംസിന്റെ ബാനറിൽ ദുൽഖർ സൽമാൻ നിർമ്മിച്ച അഞ്ചാമത്തെ ചിത്രമാണ് സല്യൂട്ട്. ബോളിവുഡ് താരവും മോഡലുമായ ഡയാന പെന്റി നായികയായ ചിത്രത്തിൽ മനോജ് കെ ജയൻ, അലൻസിയർ, ബിനു പപ്പു, വിജയകുമാർ, ലക്ഷ്മി ഗോപാല സ്വാമി, സാനിയ ഇയ്യപ്പൻ തുടങ്ങിയവർ മറ്റു പ്രധാന വേഷങ്ങളിൽ എത്തിയിരിക്കുന്നു.
ദുൽഖർ ആദ്യമായി അഭിനയിക്കുന്ന വെബ് സീരീസായ ഗൺസ് & ഗുലാബ്സിലെ ലുക്കും ഇന്ന് പുറത്തു വിട്ടിരുന്നു. ചുപ്പ്, അഭിലാഷ് ജോഷി ഒരുക്കുന്ന കിംഗ് ഓഫ് കൊത്ത, പറവക്ക് ശേഷം സൗബിൻ ഷാഹിർ ഒരുക്കുന്ന ഓതിരം കടകം തുടങ്ങിയവയാണ് ദുൽഖർ സൽമാന്റെ പുതിയ ചിത്രങ്ങൾ.