മമ്മൂക്കക്കും സുരേഷ് ഗോപിക്കും പിന്നാലെ യുവതാരം ദുൽഖർ സൽമാനും കോവിഡ് പോസിറ്റീവ്. താരം തന്നെയാണ് സോഷ്യൽ മീഡിയ വഴി ഇക്കാര്യം അറിയിച്ചത്. “കോവിഡ് പോസിറ്റീവായി.. ഇപ്പോൾ വീട്ടിൽ ഐസൊലേഷനിലാണ്. ചെറിയ രീതിയിലുള്ള ലക്ഷണങ്ങൾ ഉണ്ടെന്നതൊഴിച്ചാൽ ഞാൻ ആരോഗ്യവാനാണ്. കഴിഞ്ഞ കുറെ ദിവസങ്ങൾ എന്നോടൊപ്പം ഷൂട്ടിങ്ങിന് ഉണ്ടായിരുന്നവർ ദയവായി ഐസൊലേഷനിൽ പോവുകയും ലക്ഷണങ്ങൾ കാണിച്ചാൽ ടെസ്റ്റ് നടത്തുകയും ചെയ്യുക. ഈ മഹാമാരി ഇനിയും അവസാനിച്ചിട്ടില്ല. അതുകൊണ്ട് തന്നെ ജാഗരൂകരായിരിക്കുക. മാസ്ക് ധരിക്കുക.. സുരക്ഷിതരായിരിക്കുക.” എന്നാണ് താരം കുറിച്ചത്.
റോഷൻ ആൻഡ്രൂസ് സംവിധാനം നിർവഹിക്കുന്ന സല്യൂട്ട് എന്ന ചിത്രമാണ് ദുൽഖറിന്റെ പുറത്തിറങ്ങുവാൻ ഒരുങ്ങുന്ന ചിത്രം. റിലീസ് തീയതി പ്രഖ്യാപിച്ചിരുന്നെങ്കിലും കോവിഡ് കേസുകളിൽ വന്ന വർദ്ധനവിനെ തുടർന്ന് റിലീസ് മാറ്റി വെക്കുകയായിരുന്നു. മുംബൈ പൊലീസിന് ശേഷം റോഷൻ ആൻഡ്രൂസ് ഒരുക്കുന്ന പൊലീസ് മൂവി കൂടിയാണ് സല്യൂട്ട്. ചിത്രത്തിന് തിരക്കഥ ഒരുക്കിയിരിക്കുന്നത് ബോബി – സഞ്ജയ് കൂട്ടുകെട്ടാണ്. വേഫറെർ ഫിലിംസിന്റെ ബാനറിൽ ദുൽഖർ സൽമാൻ നിർമ്മിക്കുന്ന അഞ്ചാമത്തെ ചിത്രം കൂടിയാണിത്. ബോളിവുഡ് താരം ഡയാന പെന്റിയാണ് നായിക.
മനോജ് കെ ജയൻ, അലൻസിയർ, ബിനു പപ്പു, വിജയകുമാർ, ലക്ഷ്മി ഗോപാല സ്വാമി, സാനിയ ഇയ്യപ്പൻ തുടങ്ങിയവർ മറ്റു പ്രധാന വേഷങ്ങളിൽ എത്തുന്നു. ജേക്സ് ബിജോയി – സംഗീതം, ശ്രീകർ പ്രസാദ് – എഡിറ്റിംഗ്, ഛായാഗ്രഹണം – അസ്ലം പുരയിൽ, മേക്കപ്പ് – സജി കൊരട്ടി, വസ്ത്രാലങ്കാരം – സുജിത് സുധാകരൻ, ആർട്ട് – സിറിൽ കുരുവിള, സ്റ്റിൽസ് – രോഹിത്, പ്രൊഡക്ഷൻ കൺട്രോളർ – സിദ്ധു പനയ്ക്കൽ, ചീഫ് അസോസിയേറ്റ് ഡയറക്ടർ – കെ. സി. രവി, അസോസിയേറ്റ് ഡയറക്ടർ – ദിനേഷ് മേനോൻ, ഫർസ്റ്റ് എ. ഡി. – അമർ ഹാൻസ്പൽ, അസിസ്റ്റന്റ് ഡയറക്ടെഴ്സ് – അലക്സ് ആയിരൂർ, ബിനു കെ. നാരായണൻ, സുബീഷ് സുരേന്ദ്രൻ , രഞ്ജിത്ത് മടത്തിൽ. പിആർഒ – മഞ്ജു ഗോപിനാഥ്. നേരത്തെ, കോവിഡ് 19ന്റെ പശ്ചാത്തലത്തിൽ തെന്നിന്ത്യയിലെ സൂപ്പർസ്റ്റാറുകൾ അവരുടെ പുതിയ സിനിമയുടെ റിലീസ് മാറ്റി. പ്രശസ്ത സംവിധായകൻ രാജമൗലിയുടെ ചിത്രമായ ആർ ആർ ആർ, പ്രഭാസിന്റെ രാധേ ശ്യാം, അജിത്ത് നായകനായി എത്തുന്ന ചിത്രം ‘വലിമൈ’ എന്നീ ചിത്രങ്ങൾ ആണ് റിലീസ് മാറ്റിവെച്ചത്.