അഭിനയജീവിതത്തിൽ തന്റെ എട്ടാം വർഷം പിന്നിടുമ്പോൾ മലയാള നടൻ എന്ന ലേബലിൽനിന്ന് പാൻഇന്ത്യ ആക്ടർ എന്നനിലയിലേക്ക് നടന്നു നീങ്ങുകയാണ് ദുൽഖർ സൽമാൻ. തമിഴ്, തെലുങ്ക്, ഹിന്ദി ഭാഷകളുടെ അതിർത്തിക്കപ്പുറത്തേക്ക് വളർന്നിരിക്കുകയാണ് ഡിക്യു എന്ന ബ്രാൻഡ്. ‘കണ്ണും കണ്ണും കൊള്ളയടിത്താൽ’ എന്ന ചിത്രത്തിലൂടെ ഒരിടവേളയ്ക്കുശേഷം കോളിവുഡിൽ എത്തിയ താരം ഫൺ ക്രൈം കോമഡി എന്റർടെയിനറായ ചിത്രത്തെക്കുറിച്ചും പുതിയസിനിമാവിശേഷത്തെക്കുറിച്ചും സംസാരിക്കുകയാണ്. കണ്ണുംകണ്ണും കൊള്ളയടിത്താൽ എന്ന സിനിമയിലെ ഒരു നിർണായക വേഷം ഗൗതം മേനോൻ ആണ് കൈകാര്യം ചെയ്യുന്നത്.
അദ്ദേഹമാണ് ആ റോൾ ചെയ്യുന്നത് എന്ന് തനിക്ക് ആദ്യം അറിയില്ലായിരുന്നു എന്നും അറിഞ്ഞപ്പോൾ വളരെ എക്സൈറ്റഡ് ആയിരുന്നു എന്നും ദുൽഖർ പറയുന്നു. പ്രതാപ് എന്ന ഗൗതം മേനോൻ കഥാപാത്രമാണ് ഈ സിനിമയുടെ നട്ടെല്ല് എന്നും ചിത്രത്തെ മുന്നോട്ട് കൊണ്ടു പോകുന്നതും ആ കഥാപാത്രം ആണെന്നും ദുൽഖർ പറയുന്നുണ്ട്. ഗൗതം മേനോൻ സംവിധാനം ചെയ്യുന്ന ഒരു ചിത്രത്തിൽ നായകൻ ആകണം എന്നത് തന്റെ ഏറ്റവും വലിയ സ്വപ്നമാണെന്നും ഷൂട്ടിംഗ് സമയത്ത് വളരെ അടുത്ത് സംസാരിക്കുവാനും സൗഹൃദം സ്ഥാപിക്കുവാനും സാധിച്ചുവെന്നും അദ്ദേഹം പറയുന്നു.