തന്റെ സിനിമാജീവിതത്തിൽ ഒരിക്കലും സോളോ ഹിറ്റ് ഉണ്ടായിട്ടില്ലെന്ന വിമർശനത്തിന് കുറുപ്പ് സിനിമയുടെ വിജയത്തോടെ ആശ്വാസമായെന്ന് നടൻ ദുൽഖർ സൽമാൻ. ഒടിടി പ്ലേയ്ക്ക് നൽകിയ അഭിമുഖത്തിലാണ് ദുൽഖർ സൽമാൻ മനസു തുറന്നത്. സൂപ്പർ സ്റ്റാർ എന്നത് തന്നെ സംബന്ധിച്ച് ഒരു വാക്ക് മാത്രമാണെന്നും അത് താൻ തിരഞ്ഞെടുക്കുന്ന സിനിമകളെ ബാധിക്കില്ലെന്നും ദുൽഖർ സൽമാൻ വ്യക്തമാക്കി.
എല്ലാ തരത്തിലുമുള്ള സിനിമകൾ ചെയ്യാനാണ് ആഗ്രഹിക്കുന്നതെന്നും ദുൽഖർ സൽമാൻ പറഞ്ഞു. താൻ നേരിട്ട ഒരു വിമർശനം തനിക്ക് ഒരിക്കലും സോളോ ബ്ലോക്ക് ബസ്റ്റർ ഉണ്ടായിട്ടില്ലെന്നതാണ്. എപ്പോഴും തന്റെ സിനിമകൾ ഒരു മൾട്ടി – സ്റ്റാറർ അല്ലെങ്കിൽ അത് മറ്റാരുടെയെങ്കിലും ക്രെഡിറ്റ് ആകും എന്നതാണ്. അതുകൊണ്ടുതന്നെ കുറുപ്പിന്റെ വിജയം ആ അർത്ഥത്തിൽ അൽപ്പം ആശ്വാസമായിരുന്നു. തന്നെ സംബന്ധിച്ച് സൂപ്പർസ്റ്റാർ എന്നത് വെറുമൊരു വാക്ക് മാത്രമാണ്. ഞാൻ തെരഞ്ഞെടുക്കുന്ന സിനിമകളെ അത് ഒരിക്കലും ബാധിക്കില്ലെന്നും ദുൽഖർ വ്യക്തമാക്കി.
കുറുപ്പ് പോലെയുള്ള ബിഗ് ബജറ്റ് സിനിമകളിൽ നിന്ന് ഒഴിഞ്ഞുമാറുകയാണ് താൻ സാധാരണ ചെയ്യാറുള്ളത്. കാരണം, അത്തരം സിനിമകൾ ഒരു നിർമ്മാതാവിനെ സംബന്ധിച്ച് വലിയ സമ്മർദ്ദം തന്നെയാണ്. എപ്പോഴും താൻ നിർമ്മാതാക്കളെക്കുറിച്ചും ചിന്തിക്കാറുണ്ട്. എന്നാൽ, താൻ തന്നെ നിർമ്മാതാവ് ആകുമ്പോൾ ക്രിയേറ്റീവ് കൺട്രോൾ തന്റെ കൈയിലായിരിക്കും. അതുകൊണ്ടു തന്നെ കുറച്ച് റിസ്ക് എടുക്കാൻ സാധിക്കുമെന്നും ദുൽഖർ വ്യക്തമാക്കി.