പാൻ ഇന്ത്യൻ സൂപ്പർ സ്റ്റാർ ദുൽഖർ സൽമാനെ നായകനാക്കി ശ്രീനാഥ് രാജേന്ദ്രൻ സംവിധാനം ചെയ്ത കുറുപ് കഴിഞ്ഞ ദിവസമായിരുന്നു തിയറ്ററുകളിൽ റിലീസ് ചെയ്തത്. കേരളത്തിൽ 450 തിയറ്ററിലും ലോകവ്യാപകമായി 1500 തിയറ്ററുകളിലും ആണ് ചിത്രം റിലീസ് ചെയ്തത്. ദുബായിൽ ആയിരുന്ന ദുൽഖർ സൽമാൻ ചിത്രം റിലീസ് ആയതിനു ശേഷമാണ് കേരളത്തിലേക്ക് മടങ്ങി എത്തിയത്. കൊച്ചി വിമാനത്താവളത്തിൽ ആരാധകരും മാധ്യമപ്രവർത്തകരും ദുൽഖറിനെ ഗംഭീരസ്വീകരണമാണ് നൽകിയത്.
‘ഞാൻ ഭയങ്കര ഹാപ്പിയാണ്. എന്താ പറയുക, ദുബായിൽ ആയിരുന്നപ്പോൾ അത് അറിയാൻ പറ്റിയില്ല. ഇവിടെ വന്നിട്ടാണ് അറിയാൻ പറ്റുന്നത്.’ – ദുൽഖർ മാധ്യമങ്ങളോട് പറഞ്ഞു. ദുബായിൽ നിന്ന് ഭാര്യ അമാലിനും മകൾക്കുമൊപ്പമാണ് ദുൽഖർ കൊച്ചിയിൽ എത്തിയത്. കഴിഞ്ഞദിവസം കുറുപ് ട്രയിലർ പ്രദർശനം ബുർജ് ഖലീഫയിൽ നടന്നിരുന്നു. അതിന് സാക്ഷ്യം വഹിക്കാൻ ദുൽഖർ കുടുംബത്തോടൊപ്പം ദുബായിൽ എത്തിയിരുന്നു.
നിരവധി ആരാധകരായിരുന്നു ബുർജ് ഖലീഫയിലെ ട്രയിലർ പ്രദർശനം കാണാൻ തടിച്ചു കൂടിയത്. ഒരു മലയാള സിനിമയുടെ ഇത്തരത്തിലുള്ള പ്രമോഷൻ ആദ്യമായാണ് ബുർജ് ഖലീഫയിൽ നടന്നത്.
അതേസമയം, ആർപ്പുവിളിയോടെയാണ് ആരാധകർ ദുൽഖറിന്റെ ‘കുറുപി’ന് തിയറ്ററുകളിൽ സ്വീകരണം നൽകിയത്. പിടികിട്ടാപ്പുള്ളി സുകുമാരക്കുറുപ്പിന്റെ ജീവിതത്തെ ആസ്പദമാക്കിയാണ് ചിത്രം ഒരുക്കിയിരിക്കുന്നത്. കേസിന്റെ വിശദാംശങ്ങളെക്കുറിച്ച് ആളുകൾക്ക് ധാരണയുണ്ട്. അതുകൊണ്ട് തന്നെ വലിയ വെല്ലുവിളി ഏറ്റെടുത്താണ് കുറുപ് ചിത്രീകരണം പൂർത്തിയാക്കിയത്. ഇപ്പോഴും അന്വേഷണത്തിൽ ഇരിക്കുന്ന യഥാർത്ഥ സംഭവത്തിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ട് ചെയ്തതായതു കൊണ്ട് ഈ സിനിമയ്ക്ക് നിരവധി നിയമപ്രശ്നങ്ങൾ നേരിടേണ്ടി വന്നിട്ടുണ്ടെന്ന് സംവിധായകൻ ശ്രീനാഥ് രാജേന്ദ്രൻ തന്നെ വ്യക്തമാക്കിയിരുന്നു. തങ്ങളിൽ നിന്നുള്ള ഈ എളിയശ്രമം നിങ്ങളിലേക്ക് എത്താൻ പല കഥാപാത്രങ്ങളുടെയും പേരുകൾ മാറ്റിയിട്ടുണ്ടെന്നും സംവിധായകൻ ഫേസ്ബുക്കിൽ പങ്കുവെച്ച കുറിപ്പിൽ വ്യക്തമാക്കിയിരുന്നു.