ദുൽഖറിന്റെ കരിയറിലെ ഏറ്റവും മികച്ച കഥാപാത്രങ്ങളിൽ ഒന്നാണെന്ന് ഓരോ ആരാധകരും വിമർശകരും ഒരേപോലെ സമ്മതിക്കുന്ന കഥാപാത്രമാണ് മാർട്ടിൻ പ്രക്കാട്ട് ഒരുക്കിയ ചാർലിയിലെ നായകവേഷം. മികച്ച നടൻ, മികച്ച സംവിധായകൻ, മികച്ച നടി, മികച്ച ഛായാഗ്രഹണം എന്നിങ്ങനെ 8 സംസ്ഥാന അവാർഡുകൾ സ്വന്തമാക്കിയ ചിത്രം ഇന്നും പ്രേക്ഷകരുടെ ഇഷ്ടചിത്രങ്ങളിൽ ഒന്നാണ്. മമ്മുക്ക നായകനായ ബെസ്റ്റ് ആക്ടർ, ദുൽഖർ തന്നെ നായകനായ ABCD എന്നീ ചിത്രങ്ങൾക്ക് ശേഷം മാർട്ടിൻ പ്രക്കാട്ട് ഒരുക്കിയ ചിത്രമാണ് ചാർലി. ചിത്രത്തിന്റെ അവതരണവും പ്രമേയവുമാണ് ചാർലിയെ പ്രേക്ഷകരുടെ പ്രിയ ചിത്രമാക്കിയത്. മാർട്ടിൻ പ്രക്കാട്ടും ദുൽഖർ സൽമാനും വീണ്ടുമൊരുമിക്കുന്ന എന്നാണ് ഇപ്പോൾ പുറത്തു വന്നിരിക്കുന്ന റിപ്പോർട്ടുകൾ. സിനിമാറ്റോഗ്രാഫർ ജോമോൻ ടി ജോണാണ് തന്റെ ഇൻസ്റ്റാഗ്രാം പോസ്റ്റിലൂടെ ഈ വാർത്ത പുറത്ത് വിട്ടിരിക്കുന്നത്. ഇവർ മൂന്നു പേരും ഒരുമിച്ചുള്ള ഒരു ഫോട്ടോക്കൊപ്പമാണ് ആരാധകരെ ആവേശത്തിലാഴ്ത്തുന്ന ഈ വാർത്ത പോസ്റ്റ് ചെയ്തിരിക്കുകയാണ്. ഇനിയറിയേണ്ടത് പുതിയ ചിത്രത്തിന്റെ കൂടുതൽ വിവരങ്ങളാണ്. അവയൊക്കെ വഴിയേ അറിയാമെന്ന് പ്രതീക്ഷിക്കുന്നു