കോവിഡ് വർദ്ധിക്കുന്ന പശ്ചാത്തലത്തിൽ ‘ഉപചാരപൂർവം ഗുണ്ടജയൻ’ എന്ന ചിത്രത്തിന്റെ റിലീസ് മാറ്റിവെച്ചു. ജനുവരി 28ന് ആയിരുന്നു നേരത്തെ റിലീസ് നിശ്ചയിച്ചിരുന്നത്. ദുൽഖർ സൽമാൻ സോഷ്യൽ മീഡിയയിലൂടെ ആണ് റിലീസ് മാറ്റിവെച്ചത് അറിയിച്ചത്. ‘നിലവിലെ നിയന്ത്രണങ്ങൾ കണക്കിലെടുത്താണ് ഉപചാരപൂർവം ഗുണ്ടജയന്റെ റിലീസ് മാറ്റി വെക്കാനുള്ള കടുത്ത തീരുമാനമെടുത്തത്. സിനിമ ഒരു സ്നേഹത്തിന്റെ അദ്ധ്വാനമാണ്, കഴിയുന്നതും വേഗം റിലീസ് ചെയ്യുമെന്ന് ഞങ്ങൾ പ്രതീക്ഷിക്കുന്നു.’ – ദുൽഖർ സൽമാൻ ഫേസ്ബുക്കിൽ കുറിച്ചു.
സൈജു കുറുപ്പ് ആണ് ചിത്രത്തിൽ നായകനായി എത്തുന്നത്. അരുൺ വൈഗയാണ് ചിത്രം കഥ എഴുതി സംവിധാനം ചെയ്യുന്നത്. രാജേഷ് വർമയുടേതാണ് തിരക്കഥ. വേഫെയര്‍ ഫിലിംസിന്റെ ബാനറില്‍ ദുല്‍ഖര്‍ സല്‍മാനും മൈ ഡ്രീംസ് എന്റര്‍ടൈന്‍മെന്റിന്റെ ബാനറില്‍ സെബാബ് ആനികാടും ചേര്‍ന്നാണ് ചിത്രം നിര്‍മ്മിക്കുന്നത്. ഈ ചിത്രത്തിലൂടെ നിര്‍മ്മാണ രംഗത്ത് നിന്ന് വിതരണ രംഗത്തേക്കും ദുല്‍ഖര്‍ സല്‍മാന്റെ വേഫെയര്‍ ഫിലിംസ് കടന്നിരിക്കുകയാണ്.
നേരത്തെ, ദുൽഖർ സൽമാനെ നായകനാക്കി റോഷൻ ആൻഡ്രൂസ് സംവിധാനം ചെയ്ത ‘സല്യൂട്ട്’ സിനിമയുടെ റിലീസ് മാറ്റി. കോവിഡ് വ്യാപനം കൂടുന്ന സാഹചര്യത്തിലാണ് ചിത്രത്തിന്റെ റിലീസ് മാറ്റി വെയ്ക്കാൻ നിർബന്ധിതരായത്. ‘വേഫെയറർ ഫിലിംസിന്റെ വ്യക്തിപരമായ താൽപര്യങ്ങളേക്കാൾ സാമൂഹിക ഉത്തരവാദിത്തം പ്രകടിപ്പിക്കാൻ ഞങ്ങൾ ബാധ്യസ്ഥരാണ്. നിങ്ങളെ എല്ലാവരെയും പോലെ, ഞങ്ങളും ഞങ്ങളുടെ അടുത്ത റിലീസിനായി ഏറ്റവും ആവേശത്തോടെയും ആകാംക്ഷയോടെയും കാത്തിരിക്കുകയായിരുന്നു. സമീപകാല സംഭവവികാസങ്ങളും കോവിഡ് -19, ഒമിക്രോൺ കേസുകളുടെ വർദ്ധനവും കാരണം, ‘സല്യൂട്ട്’ റിലീസ് മാറ്റി വയ്ക്കാനുള്ള പ്രയാസകരമായ തീരുമാനമാണ് ഞങ്ങൾ എടുത്തത്. ഞങ്ങൾ നിങ്ങളെ നിരാശപ്പെടുത്തിയെങ്കിൽ ഞങ്ങൾ ക്ഷമ ചോദിക്കുന്നു. എന്നാൽ, ഇത്തരം സമയങ്ങളിൽ നാം ആരോഗ്യത്തിനും സുരക്ഷയ്ക്കും മുൻഗണന നൽകണം. എല്ലാവരും സുരക്ഷിതരായിരിക്കാൻ ഞങ്ങൾ അഭ്യർത്ഥിക്കുന്നു. ഞങ്ങൾ മടങ്ങിവരും. ഏറ്റവും നേരത്തെ. നിങ്ങളുടെ പിന്തുണയ്ക്ക് ഞങ്ങൾ ഓരോരുത്തർക്കും നന്ദി പറയുന്നു.’ – ദുൽഖർ സോഷ്യൽ മീഡിയയിൽ കുറിച്ചു.