ദുൽഖർ സൽമാനെ നായകനാക്കി റോഷൻ ആൻഡ്രൂസ് സംവിധാനം ചെയ്യുന്ന ചിത്രം സല്യൂട്ട് ജനുവരി 14ന് തിയറ്ററുകളിൽ എത്തും. ചിത്രത്തിന്റെ ട്രയിലറിനും ടീസറിനും വൻ വരവേൽപ്പ് ആയിരുന്നു ആരാധകർ നൽകിയത്. ദുൽഖർ സൽമാൻ പൊലീസ് വേഷത്തിൽ എത്തുന്നു എന്ന പ്രത്യേകതയും ചിത്രത്തിനുണ്ട്. അതേസമയം, ചിത്രവുമായി ബന്ധപ്പെട്ട് നിരവധി ട്രോളുകളാണ് ഇപ്പോൾ പുറത്തിറങ്ങിയിരിക്കുന്നത്.
മമ്മൂട്ടി, സൂര്യ, വിജയ്, തമന്ന തുടങ്ങി തെന്നിന്ത്യൻ സിനിമയിൽ തുടങ്ങി കാൽപന്തുകളിക്കാരനായ നെയ്മറിനെ കൊണ്ടു വരെ അരവിന്ദ് കരുണാകരനെ സല്യൂട്ട് അടിപ്പിച്ചിരിക്കുകയാണ് സല്യൂട്ട് ട്രോളൻമാർ. ദുൽഖറിന്റെ കരിയറിൽ തന്നെ അഭിനയത്തികവ് കൊണ്ട് ശ്രദ്ധിക്കപ്പെടാൻ പോകുന്ന ചിത്രം കൂടിയായിരിക്കും ‘സല്യൂട്ട്’. റോഷൻ ആൻഡ്രൂസ് മുംബൈ പൊലീസിനു ശേഷം ഒരുക്കുന്ന ചിത്രം കൂടിയാണ് സല്യൂട്ട്. ബോബി – സഞ്ജയ് കൂട്ടുകെട്ടാണ് ചിത്രത്തിന് തിരക്കഥ ഒരുക്കിയിരിക്കുന്നത്.
ദുൽഖർ സൽമാൻ വേഫെറർ ഫിലിംസിന്റെ ബാനറിൽ നിർമിക്കുന്ന അഞ്ചാമത്തെ ചിത്രം കൂടിയാണ് ഇത്. ബോളിവുഡ് താരവും മോഡലുമായ ഡയാന പെന്റിയാണ് ചിത്രത്തിൽ നായിക. മനോജ് കെ ജയൻ, അലൻസിയർ, ബിനു പപ്പു, വിജയകുമാർ, ലക്ഷ്മി ഗോപാല സ്വാമി, സാനിയ ഇയ്യപ്പൻ തുടങ്ങിയവർ മറ്റു പ്രധാന വേഷങ്ങളിൽ എത്തുന്നു. സംഗീതം – ജേക്സ് ബിജോയി, എഡിറ്റിംഗ് – ശ്രീകർ പ്രസാദ്, ഛായാഗ്രഹണം – അസ്ലം പുരയിൽ, മേക്കപ്പ് – സജി കൊരട്ടി, വസ്ത്രാലങ്കാരം – സുജിത് സുധാകരൻ, ആർട്ട് – സിറിൽ കുരുവിള, സ്റ്റിൽസ് – രോഹിത്, പ്രൊഡക്ഷൻ കൺട്രോളർ – സിദ്ധു പനയ്ക്കൽ, ചീഫ് അസോസിയേറ്റ് ഡയറക്ടർ – കെ സി രവി, അസോസിയേറ്റ് ഡയറക്ടർ – ദിനേഷ് മേനോൻ, പിആർഒ – മഞ്ജു ഗോപിനാഥ്.