കണ്ണൂര്‍ ആര്‍ടിഒ ഓഫീസില്‍ വാഹനം വിട്ടുകിട്ടാന്‍ ആവശ്യപ്പെട്ട് ബഹളം വച്ചതിന് അറസ്റ്റിലായ യുട്യൂബ് വ്ലോഗര്‍മാര്‍ റോഡിലൂടെ സൈറണിട്ട് പോവുന്നതിന്റെ ദൃശ്യങ്ങള്‍ പുറത്ത്. ബിഹാറിലെ റോഡില്‍ കൂടിയാണ് സൈറണിട്ട് ഇവര്‍ പായുന്നത്. ഒരു പൊലീസ് വാഹനം വരെ വഴിമാറിക്കൊടുക്കുന്നുണ്ട്. ആരും വഴി മാറുന്നില്ലെന്നും ഇങ്ങനെ പോയാലേ വേഗത്തില്‍ എത്താന്‍ പറ്റൂ എന്നൊക്കെ ഇവര്‍ അഭിപ്രായപ്പെടുന്നുണ്ട്. ഇവര്‍ക്കാര്‍ക്കും ഡ്രൈവിങ് മര്യാദകള്‍ അറിയില്ലെന്നും ഇരുവരും പറയുന്നുണ്ട്.
യുട്യൂബ് വ്ലോഗര്‍മാരുടെ അറസ്റ്റിനു പിന്നാലെ കലാപത്തിന് ആഹ്വാനം ചെയ്തവര്‍ നിരീക്ഷണത്തിലാണെന്ന് പൊലീസ് അറിയിച്ചു. കേരളം കത്തിക്കണമെന്നു വരെയായിരുന്നു ആഹ്വാനം. ഇതേക്കുറിച്ച് സമൂഹമാധ്യമങ്ങളില്‍ അനുകൂലിച്ചും പ്രതികൂലിച്ചും നിരവധി ട്രോളുകളും വന്നു. സഹോദരന്മാര് രണ്ടുപേരും രണ്ടാഴ്ചത്തേക്ക് റിമാന്‍ഡിലാണ്.
കണ്ണൂര്‍ ആര്.ടി.ഒ ഓഫീസില്‍ അതിക്രമിച്ച് കയറുകയും പൊതുമുതല്‍ നശിപ്പിക്കുകയും ചെയ്തെന്ന പരാതിയിലാണ് കണ്ണൂര്‍ ഇരിട്ടി സ്വദേശികളായ എബിന്, ലിബിന് എന്നിവരെ കോടതി റിമാന്‍ഡ് ചെയ്തത്. ഓഫീസിലെ 7,000 രൂപ വില വരുന്ന കമ്പ്യൂട്ടര്‍ മോണിറ്റര്‍ തകര്‍ന്ന സംഭവത്തില്‍ പണം അടക്കാന്‍ തയ്യാറാണെന്നും ജാമ്യം അനുവദിക്കണമെന്നും ഇവരുടെ അഭിഭാഷകന് കോടതിയെ അറിയിച്ചു. ഇ ബുള്‍ ജെറ്റ് സഹോദരങ്ങള്‍ക്കൊപ്പം യൂട്യൂബ് ചാനലിലെ ഇവരുടെ ആരാധകരും ആര്‍ടിഒ ഓഫീസിലെത്തിയതാണ് സംഘര്‍ഷത്തിന് കാരണം. ഉദ്യോഗസ്ഥരും വ്ലോഗര്‍മാരും തമ്മിലുള്ള വാഗ്വാദമുണ്ടായി. പിന്നീടാണ് കണ്ണൂര്‍ ടൗണ്‍ പൊലീസെത്തി ഇവരെ കസ്റ്റഡിയില്‍ എടുത്തത്. തങ്ങള്‍ക്കെതിരെ ആസൂത്രിത നീക്കമുണ്ടെന്നും വാന്‍ ലൈഫ് വീഡിയോ ഇനി ചെയ്യാനില്ലെന്നും ഇ ബുള്‍ ജെറ്റ സഹോദരങ്ങള്‍ കഴിഞ്ഞ ദിവസം പ്രഖ്യാപിച്ചിരുന്നു.