വിവാദങ്ങൾ കെട്ടടങ്ങിയതിന് പിന്നാലെ പുതിയ പരാതിയുമായി ഇ ബുൾജെറ്റ് സഹോദരന്മാരായ ലിബിനും എബിനും. വാടക വീട്ടില്‍ നിന്ന് ഉടമസ്ഥൻ ഇറക്കിവിട്ടെന്നാണ് ഇ ബുള്‍ജെറ്റ് സഹോദരന്മാരുടെ പരാതി. ഏറെ നാളത്തെ അന്വേഷണങ്ങള്‍ക്ക് ശേഷം പുതിയ വീടുകിട്ടിയെന്നും അവര്‍ പുതിയതായി പുറത്തിറത്തിയ യൂ ട്യൂബ് വീഡിയോയില്‍ പറഞ്ഞു. വിവാദങ്ങള്‍ക്ക് ശേഷം വീട്ടില്‍ നിന്ന് ഇറങ്ങാന്‍ ഉടമ ആവശ്യപ്പെട്ടു. പുതിയ വീടിനായി ഏറെ അലഞ്ഞു. പലരും തങ്ങള്‍ക്ക് വീടുതരാന്‍ മടിച്ചു. ആദ്യം വീട് തരാമെന്ന് ഏറ്റവര്‍ വൈകുന്നേരമാകുമ്പോഴേക്കും പിന്മാറി. ചിലര്‍ വീട് ലഭിക്കുന്നത് മുടക്കി. ഇതിനെല്ലാം കേരള പൊലീസിനോടും മോട്ടോര്‍ വാഹന വകുപ്പിനോടും മാധ്യമങ്ങളോടും നന്ദിയുണ്ടെന്നും അവര്‍ പറഞ്ഞു.
കരാര്‍ കാലാവധി കഴിയുന്നതിന് മുമ്പാണ് ഇറക്കിവിട്ടത്. അതുകൊണ്ടുതന്നെ വീട്ടിലെ സാധനങ്ങള്‍ എല്ലാം അതേപടി ഇരിക്കുന്നുവെന്ന് മുദ്രപത്രത്തിലെഴുതി ഒപ്പിട്ട ശേഷം മാത്രമേ വീട്ടില്‍ നിന്നിറങ്ങൂവെന്നും ഇവര്‍ പറയുന്നു. വീട്ടില്‍ വന്ന് കയറിയ അന്ന് മുതല്‍ നിര്‍ഭാഗ്യം പിന്തുടരുകയാണ്. ഈ വീട്ടില്‍ താമസം തുടങ്ങിയ ശേഷമാണ് ഇത്രയും പ്രശ്നങ്ങളുണ്ടായച്. ഈ വീട് അശുഭ ലക്ഷണമാണെന്നും ഐശ്വര്യമില്ലാത്ത വീടാണെന്നും ഇവര്‍ പറഞ്ഞു. വീട്ടില്‍ നിന്ന് പുതിയ വീട്ടിലേക്ക് സാധനങ്ങള്‍ കയറ്റി അയക്കുകയാണെന്നും ഇവര്‍ പറയുന്നു. ഇവര്‍ വളര്‍ത്തിയിരുന്ന പട്ടിയെയും ലൗ ബേര്‍ഡ്സിനെയുമടക്കം കൊണ്ടുപോയി. ഇവര്‍ പുതിയ വീട്ടിലേക്ക് മാറിയ ദൃശ്യങ്ങളും പങ്കുവെച്ചു. 45 മിനിറ്റിലേറെ നീളുന്ന വീഡിയോയാണ് അവർ അപ്ലോഡ് ചെയ്തിരിക്കുന്നത്.
ടെമ്പോ ട്രാവലറിൽ നിയമവിരുദ്ധമായി രൂപമാറ്റം വരുത്തിയെന്നതിന്റെ പേരിൽ ഇവരുടെ വാഹനം മോട്ടോർവാഹന വകുപ്പ് കസ്റ്റഡിയിൽ എടുത്തിരുന്നു. വാഹനത്തിന്റെ രജിസ്ട്രേഷനും റദ്ദാക്കിയിരുന്നു. ഇ – ബുൾ ജെറ്റ് സഹോദരങ്ങളെ അറസ്റ്റ് ചെയ്യുകയും ചെയ്തിരുന്നു. ഇതിൽ പ്രതിഷേധിച്ച് സമൂഹമാധ്യമങ്ങളിൽ പ്രകോപനപരമായ പോസ്റ്റ് ഇട്ടവർക്കെതിരെയും പൊലീസ് കേസെടുത്തിരുന്നു. കലാപത്തിന് ആഹ്വാനം ചെയ്യൽ, പ്രകോപനങ്ങൾ സൃഷ്ടിക്കൽ എന്നീ കുറ്റങ്ങൾ ചുമത്തിയാണ് കേസ്.
കണ്ണൂർ ആർ ടി ഓഫീസിൽ എത്തി ഓഗസ്റ്റ് ഒമ്പതാം തീയതിയാണ് വ്ലോഗർ സഹോദരൻമാർ ഭീകരാന്തരീക്ഷം സൃഷ്ടിച്ചത്. വാഹനത്തിൽ വരുത്തിയിട്ടുള്ള രൂപ മാറ്റത്തിന്റെ പിഴയായി 6400 രൂപയും നിമയവിരുദ്ധമായി വരുത്തിയിട്ടുള്ള രൂപമാറ്റത്തിന് പിഴയായി 42,000 രൂപയോളം പിഴയും നൽകണമെന്ന് ആയിരുന്നു മോട്ടോർ വാഹന വകുപ്പ് ആദ്യം ആവശ്യപ്പെട്ടത്. എന്നാൽ, ഇതിന് തയ്യാറാകാതിരുന്ന ഇവർ ഓഫീസിലെത്തി പ്രശ്നങ്ങൾ ഉണ്ടാക്കുകയും ഉദ്യോഗസ്ഥരുടെ കൃത്യനിർവഹണം തടസപ്പെടുത്തുകയും ചെയ്തു. ഇതിനെ തുടർന്ന് ഇവർക്ക് എതിരെ കേസെടുക്കുകയായിരുന്നു.