വ്ളോഗര്‍മാരായ ഇ-ബുള്‍ജെറ്റ് സഹോദരന്മാരുടെ ജാമ്യം റദ്ദാക്കണമെന്ന് പൊലീസ്. പൊതുമുതല്‍ നശിപ്പിച്ചെന്ന കേസില്‍ ജാമ്യം നല്‍കുന്നത് തെറ്റായ കീഴ് വഴക്കം സൃഷ്ടിക്കുമെന്ന് പൊലീസ് നേരത്തെ വാദിച്ചിരുന്നു. എന്നാല്‍ കോടതി ഈ വാദം തള്ളുകയും ജാമ്യം അനുവദിക്കുകയുമായിരുന്നു. എന്നാല്‍ ജില്ലാ സെഷന്‍സ് കോടതിയില്‍ വെള്ളിയാഴ്ച പബ്ലിക് പ്രോസിക്യൂട്ടര്‍ അഡ്വ. ബി.പി ശശീന്ദ്രന് മുഖേന സമര്‍പ്പിക്കാന്‍ പോകുന്ന ഹര്‍ജിയിലും പൊലീസ് സമാന വാദവമാവും ഉന്നയിക്കുക.
കണ്ണൂര്‍ ആര്‍ടിഒ ഓഫീസില്‍ അതിക്രമിച്ചുകയറി പൊതുമുതല്‍ നശിപ്പിച്ചുവെന്നാണ് ഇവര്‍ക്കെതിരെ പോലീസ് ചുമത്തിയിരിക്കുന്ന കേസ്. ജാമ്യം ലഭിച്ചതിന് പിന്നാലെ ഇരുവരെയും നാല് മണിക്കൂറിലധികം നേരം പൊലീസ് ചോദ്യം ചെയ്തിരുന്നു. ഇരുവരുടെയും വ്ളോഗുകള്‍ വിശദമായി പൊലീസ് പരിശോധിച്ചു വരികയാണ്.
മുന്‍പ് ഇവരുടെ വ്ളോഗില്‍ ചിത്രീകരിച്ച വീഡിയോയുമായി ബന്ധപ്പെട്ടാണ് ചോദ്യം ചെയ്യലുണ്ടായത്. എബിന്റെയും ലിബിന്റെയും കയ്യില്‍ നിന്ന് പിടിച്ചെടുത്ത മൊബൈല്‍ ഫോണ്‍ പൊലീസ് ഫോറന്‍സിക് പരിശോധനയ്ക്ക് അയച്ചിരിക്കുകയാണ്. ഏഴ് വര്‍ഷം വരെ തടവ് ശിക്ഷ ലഭിക്കാവുന്ന കുറ്റങ്ങളാണ് ഇവര്‍ക്ക് മേല്‍ ചുമത്തിയിട്ടുള്ളത്.