കണ്ണൂര്‍ ആര്‍ടിഒ ഓഫീസില്‍ വാഹനം വിട്ടുകിട്ടാന്‍ ആവശ്യപ്പെട്ട് ബഹളം വച്ചതിന് അറസ്റ്റിലായ യുട്യൂബ് വ്ലോഗര്‍മാരായ എബിനും ലിബിനും ജാമ്യം. പൊതുമുതല്‍ നശിപ്പിച്ച സംഭവത്തില്‍ ഇരുവരും 3,500 രൂപ വീതം പിഴയടയ്ക്കണം. എല്ലാ ബുധനാഴ്ചയും 11 നും രണ്ടിനും ഇടയില്‍ അന്വേഷണ ഉദ്യോഗസ്ഥനു മുന്നില്‍ ഹാജരാകാനും നിര്‍ദേശമുണ്ട്.
ഒന്നാം ക്ലാസ് മജിസ്ട്രേട്ട് കോടതിയിലാണ് ഇവര്‍ ജാമ്യഹര്‍ജി നല്‍കിയത്. അതേസമയം മാറ്റങ്ങള്‍ വരുത്തിയ ഇവരുടെ വാഹനം ‘ബുള്‍ജെറ്റ്’ന്റെ റജിസ്ട്രേഷന് റദ്ദാക്കി. ആര്‍സി ഉടമയ്ക്ക് മോട്ടോര്‍ വാഹന വകുപ്പ് കാരണം കാണിക്കല്‍ നോട്ടിസ് നല്കി. വ്ളോഗര്‍മാരുടെ ലൈസന്‍സ് റദ്ദാക്കാന്‍ ഗതാഗത കമ്മിഷണറും നിര്‍ദേശം നല്‍കിയിട്ടുണ്ട്.
മോട്ടോര്‍ വാഹനവകുപ്പ് ഉദ്യോഗസ്ഥരുടെ കൃത്യനിര്‍വഹണം തടസപ്പെടുത്തിയെന്നതടക്കമുള്ള കുറ്റാരോപണം നടത്തി തിങ്കളാഴ്ചയാണ് ഇവരെ സിറ്റി പൊലീസ് കസ്റ്റഡിയിലെടുത്തത്. കണ്ണൂര്‍ ആര്.ടി.ഒ ഓഫീസില്‍ അതിക്രമിച്ച് കയറുകയും പൊതുമുതല്‍ നശിപ്പിക്കുകയും ചെയ്തെന്ന പരാതിയിലാണ് കണ്ണൂര്‍ ഇരിട്ടി സ്വദേശികളായ എബിന്, ലിബിന് എന്നിവരെ കോടതി റിമാന്‍ഡ് ചെയ്തത്. ഇ ബുള്‍ ജെറ്റ് സഹോദരങ്ങള്‍ക്കൊപ്പം യൂട്യൂബ് ചാനലിലെ ഇവരുടെ ആരാധകരും ആര്‍ടിഒ ഓഫീസിലെത്തിയതാണ് സംഘര്‍ഷത്തിന് കാരണം. ഉദ്യോഗസ്ഥരും വ്ലോഗര്‍മാരും തമ്മിലുള്ള വാഗ്വാദമുണ്ടായി. പിന്നീടാണ് കണ്ണൂര്‍ ടൗണ്‍ പൊലീസെത്തി ഇവരെ കസ്റ്റഡിയില്‍ എടുത്തത്. തങ്ങള്‍ക്കെതിരെ ആസൂത്രിത നീക്കമുണ്ടെന്നും വാന്‍ ലൈഫ് വീഡിയോ ഇനി ചെയ്യാനില്ലെന്നും ഇ ബുള്‍ ജെറ്റ സഹോദരങ്ങള്‍ കഴിഞ്ഞ ദിവസം പ്രഖ്യാപിച്ചിരുന്നു.