ഇ ബുള്‍ജെറ്റ് സഹോദരന്മാര് തങ്ങളുടെ ജീവിതം സിനിമ ആക്കണമെന്ന ആവശ്യവുമായി രംഗത്തെത്തിയത് വാര്‍ത്തയായിരുന്നു. സംവിധായകരെ തേടി ഇവര്‍ പോസ്റ്റും പങ്കു വെച്ചിരുന്നു. ഇതോടെ ഇവര്‍ക്കെതിരെ വ്യാപകമായി ട്രോളുകളും സോഷ്യല്‍ മീഡിയയില്‍ നിറഞ്ഞിരുന്നു. ഇപ്പോഴിതാ സിനിമയുമായി മുന്നോട്ട് തന്നെ എന്നു പറയുകയാണ് ഇ ബുള്‍ജെറ്റ് സഹോദരന്മാര്. തങ്ങളുടെ ജീവിതം സിനിമയാവുകയാണെന്നും നായികയെ കിട്ടിയെന്നും പറയുകയാണ് ഇവര്‍. നടിയും മോഡലുമായ നീരജ ആണ് നായികയായി എത്തുന്നത്. നീരജയ്ക്കൊപ്പമുള്ള ചിത്രമാണ് ഇ ബുള്‍ജെറ്റ് സഹോദരന്മാര് പോസ്റ്റ് ചെയ്തിരിക്കുന്നത്. ”ഞങ്ങളുടെ സിനിമയുടെ നായികയെ കിട്ടി ഇനി നടനെ കൂടെ കിട്ടിയാല്‍ മതി” എന്ന ക്യാപ്ഷനോടെയാണ് പോസ്റ്റ് പങ്കുവച്ചിരിക്കുന്നത്. എന്നാല്‍ നായകന്മാരായി നിങ്ങള്‍ക്ക് തന്നെ അഭിനയിച്ചാല്‍ പോരെ എന്ന കമന്റുകളും ട്രോളുകളുമാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ നിറയെ.
View this post on Instagram
സിനിമ ആര് സംവിധാനം ചെയ്യണമെന്ന ചോദ്യത്തിന് ഒമര്‍ ലുലുവിന്റെ പേരാണ് കമന്റുകളില്‍ നിറഞ്ഞത്. കൂടാതെ സുരേഷ് ഗോപി, മുകേഷ് എന്നിവര്‍ സിനിമയില്‍ വേണമെന്നും കമന്റ് ബോക്സില്‍ ആവശ്യം ഉയര്‍ന്നിരുന്നു. എന്നാല്‍ ഇ-ബുള്‍ ജെറ്റ് വിഷയം സിനിമയാക്കാന്‍ താനില്ലെന്നാണ് സംവിധായകന് ഒമര്‍ ലുലു പറയുന്നത്. താന്‍ ഇപ്പോള്‍ തിരക്കിലാണെന്നും അദ്ദേഹം ഫേയ്സ് ബുക്കിലൂടെ അറിയിച്ചിരുന്നു.
വ്ളോഗര്‍മാരായ ഇബുള്‍ജെറ്റ് സഹോദരന്മാരുടെ കാരവനില്‍ രൂപമാറ്റം നടത്തിയതോടെയാണ് പ്രശ്നങ്ങളുടെ തുടക്കം. അനധികൃതമായാണ് ഇവര്‍ വാഹനത്തിന് രൂപമാറ്റം വരുത്തിയതെന്നും പിഴയടക്കണമെന്നും എംവിഡി അറിയിച്ചു. എന്നാല്‍ പിഴ അടക്കാത്തതോടെ പ്രശ്നമായി. പിന്നീട് ഇവരെ പൊലീസ് അറസ്റ്റ് ചെയ്തു. തുടര്‍ന്ന് ഇവരുടെ ആരാധകര്‍ പ്രതിഷേധവുമായി ഓണ്‍ലൈനില്‍ എത്തുകയും ഏറെ ചര്‍ച്ചയാകുകയും ചെയ്തിരുന്നു.