നവാഗതനായ തരുണ്‍ മൂര്‍ത്തി സംവിധാനം ചെയ്ത ചിത്രമാണ് ‘ഓപ്പറേഷന് ജാവ’. പ്രേക്ഷകപ്രീതിയും നിരൂപകപ്രശംസയും പിടിച്ചു പറ്റിയതിനൊപ്പം വിമര്‍ശനങ്ങളും സിനിമയെ തേടിയെത്തി. ചിത്രത്തിലെ സ്ത്രീ കഥാപാത്ര നിര്‍മിതിയെ വിമര്‍ശിക്കുന്നവര്‍ക്ക് മറുപടിയുമായി എത്തിയിരിക്കുകയാണ് ചിത്രത്തിന്റെ എഡിറ്ററായ നിഷാദ് യൂസഫ്.
നിഷാദ് യൂസഫിന്റെ വാക്കുകള്‍:
ഓപ്പറേഷന് ജാവയിലെ സ്ത്രീ സാന്നിധ്യത്തെക്കുറിച്ച് സംസാരിയ്ക്കാനുള്ള സമയമാണ്, കാരണം ജാവയുടെ ടീമില്‍ ഉള്ള ആളെന്ന നിലയ്ക്ക് അവരെപ്പറ്റി സംസാരിക്കേണ്ടത് അനിവാര്യവുമാണ്. ട്രോളുകളിലും നിരൂപണങ്ങളിലും നിറഞ്ഞ തേപ്പു കഥകള്‍ക്കുമപ്പുറമുള്ള സ്ത്രീ സാന്നിധ്യം മനസ്സിലാക്കാന്‍ പലര്‍ക്കും കഴിയാതെ പോയിടത്തു നിന്നു തന്നെ പറഞ്ഞു തുടങ്ങാം.
ജാനകി- രാമനാഥന്
തന്റെ ഭാര്യയുടേതെന്ന പേരില്‍ സമൂഹ മാധ്യമങ്ങളില്‍ പ്രചരിക്കുന്ന നഗ്ന വിഡിയോ അവളുടേതല്ല എന്ന് തെളിയിക്കാന്‍ സമൂഹം നിര്‍ബന്ധിതനാക്കുന്ന രാമനാഥന്റേയും ജാനകിയുടെയും പോരാട്ടം. ചില യഥാര്‍ഥ സംഭവങ്ങളെ ആസ്പദമാക്കി തയ്യാറാക്കിയ ഈ സെഗ്മെന്റില്‍ ജാനകിയെ വിശ്വസിച്ചു കൂടെ നില്ക്കുന്ന രാമനാഥനാണു നിരൂപകന്റെ പ്രശ്നം. കാരണം യഥാര്‍ഥ സംഭവത്തില്‍ ആ സ്ത്രീ ഒറ്റയ്ക്കായിരുന്നത്രേ, സുഹൃത്തേ ഏതാണ് താങ്കള്‍ പറഞ്ഞ ഈ യഥാര്‍ഥ സംഭവം?
സൈബര്‍ സെല്ലില്‍ നിരന്തരമായി വന്നു പോകുന്ന കേസുകളില്‍ നിന്നും എഴുത്തുകാരന് ഉണ്ടാക്കിയെടുക്കുന്നതാണ് ഓരോ കഥാപാത്രങ്ങളെയും, കണ്ടതും കേട്ടതുമായ അറിവില്‍ നിന്നും ഭാര്യയെ ചേര്‍ത്തു പിടിയ്ക്കുന്ന രാമനാഥനാവണം യഥാര്‍ഥ പുരുഷന് എന്ന തിരിച്ചറിവിലേയ്ക്കു നടന്നു കയറിയ എഴുത്തുകാരന്റെ ചിന്തയെ മനസ്സിലാക്കാന്‍ പറ്റാതെ പോകുന്നതിനു കാരണം താങ്കള്‍ പിന്തുടര്‍ന്ന പോരുന്ന ചില അജന്‍ഡകളാണ് അതിനെ മാറ്റിവെച്ചു സിനിമ കാണു.. ജാവയിലെ ജാനകി പൊരുതാന്‍ ശേഷിയില്ലാത്തവളല്ല, അവള് തളര്‍ന്നു പോകുന്നവളുമല്ല പൊരുതി ജയിക്കുന്നവളാണ്, ചേര്‍ത്തു പിടിക്കുന്നവനാണ് രാമനാഥന് എന്ന പുരുഷന്.
അല്‍ഫോന്‍സ
അല്‍ഫോന്‍സയ്ക്കു തേപ്പുകാരിയുടെ പട്ടം ചാര്‍ത്തി കൊടുക്കുന്നവരോടുള്ള മറുപടി ആന്റണി തന്നെ കൊടുക്കുന്നുണ്ട്, അവളുടെ സാഹചര്യമാണ് അതിനു കാരണമെന്ന്. തന്റെ സഹപ്രവര്‍ത്തകര്‍ പറഞ്ഞിട്ടും അല്‍ഫോന്‍സ തേപ്പുകാരിയാണെന്ന് വിശ്വസിക്കാത്ത ആന്റണിയേക്കാള്‍ മറ്റുള്ളവര്‍ പറഞ്ഞത് വിശ്വസിക്കാന്‍ തയ്യാറാകുന്നതിലെ യുക്തി തീരെ മനസ്സിലാകുന്നില്ല, ഒരു വേള അല്‍ഫോന്‍സയോട് ‘എങ്കില്‍ മോള് പോയി ഉന്മാദിക്ക് ‘ എന്ന് പറയുന്ന ആന്റണിയുടെ മുഖത്തടിയ്ക്കുന്ന അവളുടെ മുഖത്ത് ദേഷ്യത്തിനു പകരം സങ്കടം വന്നതിനു കാരണം ഒരു വേള അവനും തന്നെ അവിശ്വസിക്കുന്നു എന്ന തോന്നലാണ്. തനിക്കു പറ്റിയ ചതി മനസ്സിലാക്കി സൈബര്‍ സെല്ലില്‍ പരാതി പറയാന്‍ വന്ന അല്‍ഫോന്‍സ കൂടെ നില്‍ക്കണം എന്നു പറയുമ്പോള്‍ ‘എന്തു പറ്റി ഇങ്ങനെയുള്ള അബദ്ധങ്ങള്‍ ഒന്നും പറ്റാത്തതാണല്ലോ ‘ എന്നാണ് ആന്റണി ചോദിക്കുന്നത്.
രണ്ടാമതും അവനെ പിരിയേണ്ടി വരുമ്പോള്‍ ഞാനെന്താണ് ചെയ്യേണ്ടത് എന്ന ചോദ്യത്തിന്റെ അര്‍ഥം മനസ്സിലാക്കിയാണ്, നിനക്ക് നല്ലതെന്നു തോന്നുന്നത് ചെയ്യാന്‍ ആന്റണി പറയുന്നത്, അതിനു ശേഷം അല്‍ഫോന്‍സ ചെയ്തത് തേപ്പാണെന്ന് വിശ്വസിക്കാനാണ് ഇഷ്ടമെങ്കില്‍ അത്തരമൊരു പൊതുബോധം സൃഷ്ടിക്കുന്നത് നിങ്ങള്‍ തന്നെയാണ് കാരണം അല്‍ഫോന്‍സയെ സംബന്ധിച്ച് എല്ലാം ബോധ്യമാകേണ്ടത് ആന്റണിക്കാണ് അതവന് മനസ്സിലാക്കുന്നുമുണ്ട്.
തിരശീലയ്ക്കു മുന്നിലുള്ള സ്ത്രീ കഥാപാത്രങ്ങള്‍ മാത്രമല്ല പിന്നിലുമുണ്ട് കരുത്തരായ സ്ത്രീകള്‍ ജാവയുടെ വസ്ത്രാലങ്കാരം കൈകാര്യം ചെയ്ത മഞ്ജുഷ രാധാകൃഷ്ണനും, കലാസംവിധാനം കൈകാര്യം ചെയ്ത ദുന്ദു രഞ്ജീവും… പറഞ്ഞു തുടങ്ങിയാല്‍ ഇനിയുമുണ്ട് ഏറെ… സ്ത്രീകളെ പറ്റിയുള്ള സംവിധായകന്റെ കാഴ്ച്ചപ്പാട് അവര്‍ ദുര്‍ബലകളാണ് എന്നാണ് ഇനിയും നിങ്ങള്‍ പറയുന്നതെങ്കില്‍ തിരിച്ച് എനിയ്ക്ക് ഒന്നേ പറയാനുള്ളു , നിരൂപകന്റെ മങ്ങിയ ആ കണ്ണട അഴിച്ചു വെച്ചിട്ട് ആസ്വാദകന്റെ തെളിഞ്ഞ മനസ്സുമായി ഒന്നുകൂടി ഓപ്പറേഷന് ജാവ കാണൂ.
ഇല്ലെങ്കില്‍ കഥാപാത്രത്തിന്റെ പേരില്‍ നിന്നും ജാതി കണ്ടെത്തി വിലയിരുത്തുന്ന പുതിയ കാലഘട്ടത്തില്‍ ഇനി ഓരോ സംവിധായകനും അവന്റെ കഥാപാത്രങ്ങള്‍ക്ക് A,B,C,D എന്നു പേരു നല്‍കേണ്ടി വരും.