കേരളം പഞ്ചായത്ത് ഇലക്ഷന് പിന്നാലെയാണ് ഇപ്പോൾ. സ്ഥാനാർത്ഥികൾ അവരുടെ വരവറിയിച്ചു കഴിഞ്ഞു. യുവത്വം അരങ്ങുവാഴുന്ന ഒരു കാഴ്ചയാണ് ഇത്തവണ കാണുവാൻ സാധിക്കുന്നത്. എല്ലാ മുന്നണികളും യുവാക്കളെയാണ് കളത്തിൽ ഇറക്കിയിരിക്കുന്നത് എന്നത് ശ്രദ്ധേയമാണ്. ഇന്നേവരെ കണ്ടു വന്നിരുന്ന സ്ഥാനാർത്ഥികളുടെ ക്ളീഷേ ലുക്കുകൾ ഒക്കെ മാറിക്കഴിഞ്ഞു. അത്തരത്തിൽ ശ്രദ്ധ നേടിയിരിക്കുന്ന സ്ഥാനാർഥിയാണ് പത്തനംതിട്ട ജില്ലാ പഞ്ചായത്ത് മല്ലപ്പള്ളി ഡിവിഷനിലേക്ക് യുഡിഎഫിനെ പ്രതിനിധീകരിച്ച് മത്സരിക്കുന്ന വിബിത ബാബു. അനുകൂലിച്ചും അധിക്ഷേപിച്ചും പലരും എത്തുന്നുണ്ടെങ്കിലും അതിനെയെല്ലാം അവ അർഹിക്കുന്ന രീതിയിൽ സ്വീകരിക്കുകയും തള്ളിക്കളയുകയും ചെയ്യുകയാണ് ക്രിമിനൽ വക്കീൽ കൂടിയായ ഈ സ്ഥാനാർത്ഥി. വനിതാ മാഗസിന് വിബിത ബാബു നൽകിയ അഭിമുഖത്തിൽ നിന്നും…
എനിക്കെതിരെയുള്ള ട്രോളുകളും കമന്റുകളും ഓഡിയോ സന്ദേശങ്ങളും എല്ലാം കാണുന്നുണ്ട്. ഞാൻ എന്തായാലും പിന്നോട്ടില്ല. മത്സരിക്കാനുറച്ചാണ് ഇറങ്ങിയത്. അധിക്ഷേപിക്കുന്നവർ അതു ചെയ്തു കൊണ്ടിരിക്കട്ടേ. അവർക്ക് വേറെ പണിയില്ലാഞ്ഞിട്ടാണ്. നല്ല വാക്കുകളോട് സ്നേഹം. എന്നെ അധിക്ഷേപിച്ചും മോശം രീതിയിലുമൊക്കെയുള്ള കമന്റുകൾ ഞാൻ കാണുന്നുണ്ട്. ആസ്വദിക്കാവുന്ന ട്രോളുകളും തമാശകളും ഞാൻ എൻജോയ് ചെയ്യുന്നുണ്ട്. ബാക്കിയുള്ളതിനെ എല്ലാം അർഹിക്കുന്ന അവജ്ഞയോടെ തള്ളുന്നു.
വലിയൊരു ഉത്തരവാദിത്തം ഏറ്റെടുത്താണ് ഞാൻ ഇപ്പോൾ ഇറങ്ങിത്തിരിച്ചിരിക്കുന്നത്. അതിനിടയിൽ ഇത്തരക്കാരെ നിലയ്ക്കു നിർത്താനോ നന്നാക്കാനോ ഭാവമില്ല. ഇതൊന്നും കാണുന്നില്ലേ എന്ന് പലരും ചോദിക്കുന്നുണ്ട്. നോ കമന്റ്സ് എന്ന മറുപടിയാണ് പറയാനുള്ളത്. ഇങ്ങനെയെല്ലാം വരും എന്ന് അറിഞ്ഞു കൊണ്ടു തന്നെയാണ് മത്സരിക്കാനിറങ്ങി തിരിച്ചത്. പിന്നെ രാഷ്ട്രീയമായി എനിക്കെതിരെ ഒരു വിഷയവും ഇക്കൂട്ടർക്കില്ല. അവർ നടത്തുന്നത് വ്യക്തിപരമായ അധിക്ഷേപങ്ങളാണ്. അത് അവർ തുടരട്ടേ. അതിന് ചെവികൊടുക്കുന്നില്ല. പിന്നെ ഈ അധിക്ഷേപങ്ങൾ പരിധി വിടുകയാണെങ്കിൽ അതിനെതിരെ നിയമ നടപടിക്ക് പോകണമോ എന്ന് വഴിയേ തീരുമാനിക്കും. പിന്നെ എന്നെ മനസിലാക്കാനും മനസു നിറഞ്ഞ് പിന്തുണ നൽകാനും എന്റെ കുടുംബാംഗങ്ങളും സർവ്വോപരി ഈ നാട്ടിലെ നല്ലൊരു ശതമാനം ജനങ്ങളുമുണ്ട്. ഭർത്താവ് ബിനു ജി. നായർ ഗൾഫിലായിരുന്നു. ഇപ്പോൾ നാട്ടിൽ ബിസിനസ് ചെയ്യുന്നു. അച്ഛൻ ബാബു തോമസ്. അമ്മ വത്സമ്മ ബാബു.