രാജ്യത്തെ ഏറെ പിടിച്ചു കുലുക്കിയ സംഭവമായിരുന്നുഹൈദരാബാദിൽ വെറ്ററിനറി ഡോക്ടർ ബലാത്സംഗത്തിനിരയായി കൊല്ലപ്പെടുകയും മൃതദേഹം കത്തിക്കുകയും ചെയ്ത സംഭവം. ഈ സംഭവത്തിലെ പ്രതികളായ നാലു പേരും ഏറ്റുമുട്ടലിൽ കൊല്ലപ്പെട്ടതായി സൈബരാബാദ് പോലീസ്. വെള്ളിയാഴ്ച പുലർച്ചെ 3.30ന് ഇവർ ഏറ്റുമുട്ടലിൽ കൊല്ലപ്പെടുകയായിരുന്നെന്നാണ് റിപ്പോർട്ട്.
26 വയസ്സുള്ള വെറ്ററിനറി ഡോക്ടറുടെ മൃതദേഹം കത്തിക്കരിഞ്ഞ നിലയിൽ ഷാദ്നഗറിലാണ് കാണപ്പെട്ടത്. സംഭവത്തിൽ പ്രതികളായ ജോല്ലു ശിവ, ജോല്ലു നവീൻ, ചിന്താകുന്ത ചന്നകേശവുലു, മുഹമ്മദ് എന്നിവരാണ് കൊല്ലപ്പെട്ടത്. ഡോക്ടറുടെ മൃതദേഹം കണ്ടെത്തിയ സ്ഥലത്തുവെച്ചുതന്നെയാണ് പ്രതികൾ പോലീസിൻറെ വെടിയേറ്റു മരിച്ചത്.
ഡോക്ടറുടെ കത്തിക്കരിഞ്ഞ മൃതദേഹം കണ്ടെത്തിയ സ്ഥലത്ത് തെളിവെടുക്കുന്നതിനായി പ്രതികളെ എത്തിച്ചപ്പോഴാണ് സംഭവം. പ്രതികളായ നാലുപേരും ഓടി രക്ഷപ്പെടാൻ ശ്രമിച്ചപ്പോൾ പോലീസ് വെടിവെക്കുകയായിരുന്നെന്നാണ് പോലീസ് പറയുന്നത്.