ദൃശ്യം ആദ്യഭാഗത്തേക്കാൾ മികച്ച പ്രതികരണം നേടി ദൃശ്യം 2 പ്രദർശനം തുടരുമ്പോൾ ചിത്രത്തിലെ ഓരോ കഥാപാത്രങ്ങളേയും അവതരിപ്പിച്ചവർ അവരുടെ പ്രകടനത്തിന് കൈയ്യടികൾ നേടുകയാണ്. ദൃശ്യത്തിലൂടെ പ്രേക്ഷകരുടെ മനസ്സിൽ ഇടം പിടിച്ച ബാലതാരം എസ്ഥേർ അനിൽ ഇന്ന് നായികാ പദവിയിലേക്കുള്ള മുന്നേറ്റത്തിലാണ്. അതിനൊപ്പം തന്നെ മോഡലിംഗിലും തന്റെ സാന്നിദ്ധ്യം തെളിയിച്ചിട്ടുണ്ട് ഈ നടി. ഇപ്പോൾ ലാലേട്ടന്റെ കൂടെയുള്ള ചിത്രങ്ങൾ പങ്ക് വെച്ച് കുറിച്ച വാക്കുകൾ ഏറെ ശ്രദ്ധേയമാകുകയാണ്.
സെറ്റിൽ എന്നെ ഏറ്റവുമധികം ശല്യപ്പെടുത്തുന്നയാൾ. എങ്കിലും എനിക്ക് ഏറെ ഇഷ്ടമുള്ളതും ലാലങ്കിൾ തന്നെയാണ്. ദൃശ്യം 2 ഷൂട്ട് ചെയ്യുമ്പോൾ ഞാൻ ലൊക്കേഷനിലേക്ക് വരുന്നത് തന്നെ ഏറെ ടെൻഷനടിച്ചാണ്. തീർക്കാനുള്ള അസൈൻമെന്റുകളും എഴുതാനുള്ള പരീക്ഷകളും എല്ലാം എന്നെ ടെൻഷനടിപ്പിക്കുമായിരുന്നു. എന്നും രാവിലെ അങ്ങനെ വരുമ്പോഴാണ് മനോഹരമായ ഒരു പുഞ്ചിരിയുമായി ഈ അദ്ദേഹം ഗുഡ് മോർണിംഗ് പറയുന്നത്. ഒരു ദിവസമല്ല.. എല്ലാ ദിവസവും അങ്ങനെ തന്നെയായിരുന്നു. അത് മതിയായിരുന്നു എന്റെ ഓരോ ദിവസവും പ്രകാശപൂരിതമാകാൻ. എന്തൊക്കെ സംഭവിച്ചാലും എന്നെ ശല്യപ്പെടുത്താൻ അദ്ദേഹം എന്തെങ്കിലും ഒരു കാരണം കണ്ടുപിടിക്കും. മീന മാഡവും അൻസിബ ചേച്ചിയും ലാലങ്കിളിന്റെ കൂടെ കൂടും. എന്തുകൊണ്ടാണ് എന്നെ എപ്പോഴും ലക്ഷ്യം വച്ചത്? എങ്കിലും ഏറ്റവും മനോഹരമായ സമയമാണ് ആ ഷൂട്ടിങ്ങിന്റെ വേളയിൽ എനിക്ക് കിട്ടിയത്.