പഴയകാല ചിത്രങ്ങൾ റീമേക്ക് ചെയ്ത് പുതിയ ചിത്രങ്ങൾ ആക്കി പുറത്തിറക്കുന്ന പതിവ് അന്യഭാഷകളിൽ ആണ് കൂടുതലായും കാണുന്നത്. മലയാളം ഇൻഡസ്ട്രിയിൽ ഇങ്ങനെ റീമേക്ക് ചെയ്ത ചിത്രങ്ങളുടെ എണ്ണം വളരെ കുറവാണ്. അടുത്തിടെ ഒരു അഭിമുഖത്തിൽ നടൻ ഫഹദ് ഫാസിൽ 1982ൽ പുറത്തിറങ്ങിയ മമ്മൂട്ടിയുടെ സൂപ്പർഹിറ്റ് ചിത്രമായ യവനികയുടെ റീമേക്ക് റൈറ്റ്സ് സ്വന്തമാക്കാൻ ആഗ്രഹമുണ്ടെന്നും അതിനായി ശ്രമിക്കുന്നുണ്ടെന്നും തുറന്നുപറഞ്ഞു. കെ. ജി ജോർജ് സംവിധാനം ചെയ്ത് മമ്മൂട്ടി , ഭരത് ഗോപി, ജലജ, വേണു നാഗവള്ളി തുടങ്ങിയവർ പ്രധാനവേഷത്തിലെത്തിയ ചിത്രമാണ് യവനിക.
യവനികയുടെ റീമേക്ക് അവകാശം സ്വന്തമാക്കുക എന്നത് വളരെ പ്രയാസപ്പെട്ട്
ഒരു കാര്യമാണെന്നും പഴയകാല മലയാളത്തിലെ മികച്ച സൃഷ്ടികളെ കുറിച്ചും ഫഹദ് ഫാസിൽ അഭിമുഖത്തിൽ പറഞ്ഞു. കെ.ജി ജോർജിന്റെ മറ്റ് ചിത്രങ്ങളായ ആദാമിന്റെ വാരിയെല്ല്, ലേഖയുടെ മരണം ഒരു ഫ്ലാഷ് ബാക്ക്, ഈ കണ്ണി കൂടി തുടങ്ങിയ ചിത്രങ്ങളെ കുറിച്ചും ഫഹദ് പരാമര്ശിക്കുകയുണ്ടായി.