സൈബര്‍ സുരക്ഷ സംബന്ധിച്ച അന്താരാഷ്ട്ര സമ്മേളനം ‘കൊക്കൂണ്‍ 11’ന്റെ പ്രചരണത്തിനായി തിരുവനന്തപുരം ടെക്നോ പാര്‍ക്കില്‍ എത്തിയതായിരുന്നു ഫഹദ്, ഒപ്പം നസ്രിയയും. പരിപാടിയുടെ ടീസര്‍ വീഡിയോ ഫഹദും നസ്രിയയും ചേര്‍ന്നാണ് പ്രകാശനം ചെയ്തത്.
താരദമ്പതികളുടെ സാന്നിധ്യം ടെക്നോപാര്‍ക്ക് ജീവനക്കാര്‍ നന്നായി ആസ്വദിച്ചു. ടീസര്‍ വീഡിയോ പ്രകാശനത്തിന് ശേഷം ഇരിപ്പിടത്തിലേക്ക് മടങ്ങാനൊരുങ്ങിയ നസ്രിയയെ തടഞ്ഞ്, ഒപ്പം നിര്‍ത്തിയാണ് ഫഹദ് സംസാരിച്ചത്. ‘ഞാന്‍ ഉദ്ഘാടനം ചെയ്താല്‍ മതി, ഇവള് സംസാരിച്ചോളാമെന്നാണ് പറഞ്ഞത്’, സദസ്സിനോട് ഫഹദ് തമാശ പറഞ്ഞു. ഇവിടെയെത്തിയപ്പോള്‍ പ്ലാന്‍ മാറ്റിയെന്നും ഇപ്പോള്‍ ഞാനാണ് ഉദ്ഘാടനം ചെയ്തതെന്നും അതിനാല്‍ നിങ്ങള്‍ സംസാരിക്കണമെന്നുമായിരുന്നു നസ്രിയയുടെ കൗണ്ടര്‍. സൈബര്‍ സുരക്ഷയെക്കുറിച്ച് ലളിതമായി വിവരിക്കാനും ഫഹദ് ഇരുവര്‍ക്കുമിടയിലുണ്ടായ സംഭാഷണത്തെക്കുറിച്ച് പറഞ്ഞു. സൈബര്‍ സെക്യൂരിറ്റി നമ്മുടെ ജീവിതത്തില്‍ എങ്ങനെയാണ് ഇടപെടുകയെന്ന് ഇങ്ങോട്ടുള്ള യാത്രയ്ക്കിടെ നസ്രിയ തന്നോട് ചോദിച്ചെന്നും ഫുഡ് ഹോം ഡെലിവെറി ആപ്പുകളുടെ അത്രതന്നെ പ്രാധാന്യമുണ്ട് സൈബര്‍ സെക്യൂരിറ്റിക്ക് എന്നായിരുന്നു തന്റെ മറുപടിയെന്നും ഫഹദ് പറഞ്ഞു.
“ഹൈടെക്കായ എല്ലാ മേഖലകളിലും തട്ടിപ്പ് വര്‍ധിച്ചു. ബാങ്കിങ് മേഖലയിലെ തട്ടിപ്പ് നിത്യസംഭവമായി. സൈബര്‍ രംഗത്തെ ചതിക്കുഴികളെക്കുറിച്ച് ബോധവത്കരണം സമയത്ത് അനിവാര്യമാണ്.” ഫഹദ് പറഞ്ഞു. കേരള പോലീസ്, ജി-ടെക്, ഐ.ടി. മിഷന്, എന്നിവയുടെ പിന്തുണയോടെ സൊസൈറ്റി ഫോര്‍ ദി പോലീസിങ് ഓഫ് സൈബര്‍ സ്പേസും (പോളിസിബ്), ഇന്‍ഫര്‍മേഷന്‍ സെക്യൂരിറ്റി റിസര്‍ച്ച് അസോസിയേഷനും (ഇസ്ര) സംയുക്തമായാണ് സമ്മേളനം സംഘടിപ്പിക്കുന്നത്.